ജയം രവി, കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ സിനിമ അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആന്റണി ഭാഗ്യരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ‘ഹീറോ’, ‘വിശ്വാസം’, ‘അണ്ണാത്തെ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ആന്റണി ഭാഗ്യരാജ്. ചിത്രത്തിന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള വീഡിയോ സൂചനകൾ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ആഗസ്റ്റ് 29ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
സിനിമയ്ക്ക് ഇത് വരെ പേരിട്ടിട്ടില്ല. കീർത്തി സുരേഷ് പൊലീസ് വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നത്. നേരത്തെ ‘സാനി കായിദം’ എന്ന ചിത്രത്തിലും കീർത്തി പൊലീസ് വേഷത്തിൽ എത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും. ജയം രവിയും കീർത്തി സുരേഷും നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ജോലികൾ പൂർത്തിയായാൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.
Also Read: പ്രണയസാഫല്യം: ഇനി നൂബിന് കൂട്ടായി ജോസഫൈൻ
ഉദയനിധി സ്റ്റാലിൻ നായകനാകുന്ന ‘മാമന്നൻ’ ആണ് കീർത്തി സുരേഷിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ ആണ് ജയം രവിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം.
Post Your Comments