ദുഷാര വിജയൻ, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗർഗിരത്ത്’ റിലീസിന് ഒരുങ്ങുകയാണ്. ആഗസ്റ്റ് 31 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ നേരത്തെ പൂർത്തിയാക്കിയിരുന്നു. നീലം പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ വിതരണാവകാശം യാഴി ഫിലിംസിനാണ്. തെൻമയാണ് നച്ചത്തിരം നഗർഗിരത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയ പാ രഞ്ജിത്ത് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. മലയാളത്തിൽ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നാണ് പാ രഞ്ജിത്ത് പറഞ്ഞത്. മലയാള സിനിമകൾ ഇഷ്ടമാണെന്നും രാജീവ് രവിയുടെയും ലിജോ ജോസ് പെല്ലിശ്ശേരിയുടെയും ചിത്രങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മലയാള സിനിമകൾ ഇഷ്ടമാണ്. രാജീവ് രവിയുടെ മിക്ക ചിത്രങ്ങളും ഞാൻ കണ്ടിട്ടുണ്ട്. അതുപോലെതന്നെ ലിജോയുടെ ഈ മ യൗ എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ള ചിത്രമാണ്. തമിഴിൽ ഞാൻ സംസാരിച്ചിട്ടും നിങ്ങൾക്ക് അത് നന്നായി ഉൾക്കൊള്ളാൻ കഴിയുന്നുണ്ട് എന്നതിൽ ഞാൻ ഏറെ സന്തുഷ്ടനുമാണ്. മലയാളത്തിലെ നിരവധി അഭിനേതാക്കൾ തമിഴിലും അവരുടെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ തമിഴും മലയാളവും രണ്ടും രണ്ടല്ല. തീർച്ചയായും നല്ലൊരു അവസരം ലഭിക്കുകയാണെങ്കിൽ മലയാളത്തിൽ ഒരു സിനിമ ചെയ്യും’ പാ രഞ്ജിത്ത് പറഞ്ഞു.
Post Your Comments