നിഖില്‍ സിദ്ധാര്‍ഥയെ നായകനാക്കി ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്ത കാര്‍ത്തികേയ 2 100 കോടി ക്ലബിൽ. അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. നിഖില്‍ സിദ്ധാര്‍ഥയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മിസ്റ്ററി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2014ല്‍ പുറത്തെത്തിയ കാര്‍ത്തികേയയുടെ സീക്വലാണ്. ചന്ദു മൊണ്ടെട്ടി തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും രചനയും സംവിധാനവും.
ചെറിയ ബജറ്റില്‍ എത്തി മികച്ച വിജയം നേടിയ ചിത്രമായിരുന്നു കാര്‍ത്തികേയ. എന്നാല്‍ എട്ട് വര്‍ഷത്തിനു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ തെലുങ്ക് ഇൻഡസ്ട്രിയിൽ വലിയ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ല. തെലുങ്ക് സിനിമയില്‍ തന്നെ വലിയ ആരാധകരുള്ള താരമല്ല നിഖില്‍ സിദ്ധാര്‍ഥ എന്നതാണ് പ്രധാന കാരണം. എന്നാല്‍, ചലച്ചിത്ര നിരീക്ഷകരെ അമ്പരപ്പിച്ച വിജയം നേടുകയാണ് കാര്‍ത്തികേയ 2.
15 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം ആദ്യ ആറ് ദിനങ്ങളില്‍ നിന്നു മാത്രം 33 കോടി രൂപയാണ് നേടിയത്. വെറും 53 ഷോകള്‍ ആയിരുന്നു ഹിന്ദി പതിപ്പിന് റിലീസിംഗ് സമയത്ത് ഉണ്ടായിരുന്നതെങ്കില്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ദ്ധിച്ചിരുന്നു. ഹിന്ദി പതിപ്പ് മാത്രം ഇതുവരെ നേടിയിരിക്കുന്നത് 18.40 കോടിയാണ്.
Read Also:- വിജയ് ദേവരകൊണ്ടയുടെ ‘ലൈഗർ’: ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്
കഴിഞ്ഞ വാരം വരെയുള്ള കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 75.33 കോടിയാണ്. ഇപ്പോഴിതാ, ചിത്രം 100 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. 11 ദിവസത്തെ കളക്ഷന്‍ കൊണ്ടുമാത്രം ചിത്രം നേടിയ ലാഭം 287 ശതമാനം ആണെന്നാണ് എന്റര്ടെയ്ന്മെന്റ് വെബ് സൈറ്റായ കൊയ്മൊയ്യുടെ കണക്ക്.
Post Your Comments