കൊച്ചി: പ്രേക്ഷകരുടെ കണ്ണിലുണ്ണിയായ ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ് ‘ എന്ന ചലച്ചിത്രം ആദ്യമായി മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഓഗസ്റ്റ് 27 വൈകിട്ട് 6.30 ന് സീ കേരളം ചാനലിലാണ് ചിത്രം സംപ്രേഷണം ചെയ്യുന്നത്. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതകഥ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് കുറുപ്പ്. ദുൽഖർ സൽമാനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
കുറുപ്പ് എട്ട് ലക്ഷത്തിന്റെ പോളിസി എടുക്കുകയും, പോളിസി തുക തട്ടിയെടുക്കാൻ ഇയാളും സംഘവും നടത്തുന്ന നാടകവും, അത് പിന്നീട് സമാനതകളില്ലാത്ത ക്രൂരമായ കുറ്റകൃത്യത്തിലേക്കു നയിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ചാർളി എന്ന യുവാവിനെ തന്റെ കാറിൽ കൊന്ന് ഇട്ടതിന് ശേഷം തീ കൊളുത്തി താൻ ആത്മഹത്യ ചെയ്തെന്നു വരുത്തിത്തീർത്ത ശേഷം ഇൻഷുറൻസ് തുക തട്ടി എടുക്കാൻ ശ്രമിക്കുന്ന കുറുപ്പിന്റെ തന്ത്രങ്ങൾ പാളുന്നു. പോലീസിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും സംയുക്തമായ അന്വേഷണത്തിനൊടുവിൽ മരിച്ചത് കുറുപ്പ് അല്ല എന്ന് തെളിയുന്നു. ഒടുവിൽ പിടിക്കപ്പെടുമെന്ന് മനസ്സിലാക്കിയ കുറുപ്പ് നാട് വിടുന്നു. നാളിതുവരെ ഒരു അന്വേഷണ സംഘത്തിനും കുറുപ്പ് എവിടെയാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
Also Read: രണ്ട് സിനിമകൾ ഒരുമിച്ച് ചിത്രീകരിക്കും: പുതിയ പ്രഖ്യാപനവുമായി ശങ്കർ
വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് കുറുപ്പ് നിർമ്മിച്ചിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും, കെ എസ് അരവിന്ദും ചേർന്നാണ്. ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം കൈവരിച്ച് ക്രൈം ത്രില്ലർ ചിത്രമായ കുറുപ്പ് വലിയ ആകാംക്ഷയോടെയാണ് സീ കേരളം പ്രേക്ഷകർ കാത്തിരിക്കുന്നത്.
Post Your Comments