
ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘ആർആർആർ’ വിജയക്കുതിപ്പ് തുടരുകയാണ്. ബോക്സ് ഓഫീസിൽ 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമാണ് ‘ആർആർആർ’. ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെ എത്തിയതോടെ ആഗോള പ്രേക്ഷകരും ചിത്രത്തെ ഏറ്റെടുത്തു. റിലീസ് ചെയ്തതു മുതൽ നെറ്റ്ഫ്ലിക്സ് ട്രെൻഡിംഗ് ലിസ്റ്റിലാണ് ചിത്രം. ഇപ്പോളിതാ, പുതിയ ഒരു റെക്കോർഡ് കൂടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്.
മെയ് 20 ന് നെറ്റ്ഫ്ലിക്സിൽ പ്രദർശനം ആരംഭിച്ച ചിത്രം തുടർച്ചയായ പതിന്നാലാം ആഴ്ചയിലും നെറ്റ്ഫ്ലിക്സ് ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ തുടരുകയാണ്. ഇംഗ്ലീഷ്, ഇംഗ്ലീഷ് ഇതര വിഭാഗങ്ങളിൽ ആദ്യമായാണ് ഒരു ചിത്രം ഇത്രയും കാലം നെറ്റ്ഫ്ലിക്സിന്റെ ആഗോള ട്രെൻഡിംഗ് ലിസ്റ്റിൽ തുടരുന്നത്. കേരളത്തിലെ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയ ഷിബു തമീൻസും ഈ സന്തോഷ വാർത്ത ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘ആർആർആർ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്നാണ് ഷിബു ട്വീറ്റ് ചെയ്തത്.
Also Read: ‘പാൽതു ജാൻവർ’ സെൻസറിംഗ് പൂർത്തിയായി: ഓണത്തിന് തിയേറ്ററിലെത്തും
അജയ് ദേവ്ഗൺ, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, ശ്രിയ ശരൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ഡിവിവി എൻറർടെയ്ൻമെൻറ്സിന്റെ ബാനറിൽ ഡി വി വി ദാനയ്യയാണ് ചിത്രം നിർമ്മിച്ചത്.
Post Your Comments