ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കമൽ ഹാസന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ഇന്ത്യന്റെ’ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഇന്ന് വീണ്ടും പുനരാരംഭിക്കുന്നു എന്ന വാർത്തയാണ് ഉലകനായകന്റെ ആരാധകരെ ആവേശത്തിലാക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണത്തിൽ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയൻറ് മൂവീസും പങ്കാളികളാകുന്നുണ്ട്. സുഭാസ്കരൻ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷൻസും കമൽ ഹാസന്റെ രാജ്കമൽ ഫിലിംസുമാണ് ചിത്രത്തിന്റെ മറ്റു രണ്ട് നിർമ്മാണ പങ്കാളികൾ. റെഡ് ജയൻറ് മൂവീസ് ആണ് ട്വിറ്ററിലൂടെ ഇക്കാര്യങ്ങൾ പുറത്ത് വിട്ടത്.
ചെന്നൈ പാരീസ് കോർണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ഇവിടെയാണ് ചിത്രീകരണം പുനരാരംഭിക്കുക. കാജൽ അഗർവാളും ബോബി സിംഹയും ഉൾപ്പെടുന്ന രംഗങ്ങളാണ് തുടക്കത്തിൽ ചിത്രീകരിക്കുക. ഇപ്പോൾ യുഎസിൽ ഉള്ള കമൽ ഹാസൻ തിരിച്ചെത്തിയതിനു ശേഷമാവും അദ്ദേഹത്തിന്റെ രംഗങ്ങൾ ചിത്രീകരിക്കുക എന്നാണ് വിവരം.
Also Read: രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള: ഡെലിഗേറ്റ് പാസ് വിതരണം ആഗസ്റ്റ് 25ന് ആരംഭിക്കും
1996ൽ റിലീസ് ചെയ്ത ‘ഇന്ത്യൻ’ സിനിമയുടെ രണ്ടാം ഭാഗമായ ‘ഇന്ത്യൻ 2’ 2018ൽ ആണ് പ്രഖ്യാപിച്ചത്. എന്നാൽ, ചിത്രീകരണം ആരംഭിച്ച ശേഷം പലവിധ കാരണങ്ങളാൽ സിനിമയുടെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നു. രണ്ടാം പതിപ്പിൽ കാജൽ അഗർവാളാണ് നായികയായെത്തുന്നത്. സിദ്ധാർഥ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡൽഹി ഗണേഷ് എന്നിവരും ചിത്രത്തിൽ അണിനിരക്കും.
Post Your Comments