യുവ നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനാകുന്നു. യുവ സംരംഭക അദ്വൈത ശ്രീകാന്താണ് വധു. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം നടന്നു. മെറിലാൻഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ്. മുരുഗന്റെയും സുജ മുരുഗന്റെയും മകനാണ് വിശാഖ്.
വിശാഖിൻറെ നിർമ്മാണത്തിൽ അവസാനം പ്രദർശനത്തിനെത്തിയ ഹൃദയം എന്ന ചിത്രത്തിന്റെ അണിയറക്കാരിൽ മിക്കവരും കുടുംബസമേതമാണ് ചടങ്ങിന് എത്തിയത്. പ്രണവ് മോഹൻലാൽ, അമ്മ സുചിത്ര, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, ഭാര്യ ദിവ്യ, അജു വർഗീസ് തുടങ്ങിയവരൊക്കെ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ വിശാഖ് സോഷ്യൽ മീഡിയയിലൂടെ പങ്കുവക്കുകയും ചെയ്തു. ഇവരെ കൂടാതെ സിനിമ, രാഷ്ട്രീയ മേഖലകളിലെ സുഹൃത്തുക്കൾ, ബിസിനസ് പ്രമുഖർ എന്നിവരടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
Also Read: ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില് വിക്രം: ‘കോബ്ര’ റിലീസിനൊരുങ്ങുന്നു
ധ്യാൻ ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച ലവ് ആക്ഷൻ ഡ്രാമയിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിർമ്മാണത്തിലേക്ക് എത്തിയത്. അജു വർഗീസിനൊപ്പം ആരംഭിച്ച ഫൺടാസ്റ്റിക് ഫിലിംസ് എന്ന ബാനറിലൂടെയായിരുന്നു ഇത്. പിന്നീട് സാജൻ ബേക്കറി സിൻസ് 1962 എന്ന ചിത്രവും ഇതേ ബാനർ നിർമ്മിച്ചു. ധ്യാൻ ശ്രീനിവാസൻ ആയിരുന്നു ഈ ചിത്രത്തിലെ നിർമ്മാണ പങ്കാളി. വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് വിശാഖ് ഒരു തിരിച്ചുവരവ് നൽകുകയായിരുന്നു.
Post Your Comments