
മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് ഒരുക്കുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. കഴിഞ്ഞ വർഷം സിനിമയുടെ ചിത്രീകരണം പൂർത്തിയായെങ്കിലും സിനിമയുടെ റിലീസ് നീണ്ടുപോകുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിൽ അടക്കം നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിടാതിരുന്നതും ചർച്ചയായിരുന്നു.
ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വൈശാഖ്. മറ്റ് സിനിമകളെ അപേക്ഷിച്ച് ‘മോൺസ്റ്ററി’ന് വിപുലമായ പോസ്റ്റ് പ്രൊഡക്ഷൻ ആവശ്യമായിരുന്നുവെന്നും, അത് റിലീസ് വൈകുന്നതിന് ഒരു കാരണമാണെന്നുമാണ് വൈശാഖ് പറയുന്നത്. കോഴിക്കോട് നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
വൈശാഖിന്റെ വാക്കുകൾ:
മറ്റ് സിനിമകളെ അപേക്ഷിച്ച് ‘മോൺസ്റ്ററി’ന് വിപുലമായ പോസ്റ്റ് പ്രൊഡക്ഷൻ ആവശ്യമായിരുന്നു. അതിന് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ട്. അത് റിലീസ് വൈകുന്നതിന് ഒരു കാരണമായിട്ടുണ്ട്. ‘മോൺസ്റ്റർ ‘ മലയാളത്തിൽ നിന്നുള്ള സോംബി സിനിമയായിരിക്കും എന്ന അഭ്യൂഹങ്ങൾ വാസ്തവ വിരുദ്ധമാണ്. ഒരു ത്രില്ലർ ആയിരിക്കും സിനിമയെന്നാണ് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയുക.
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അവരുടെ പ്രതീക്ഷകൾ സിനിമയുടെ മേക്കിംഗിനെയോ അതിന്റെ കഥയെയോ ബാധിക്കരുതെന്ന് ഞങ്ങൾക്ക് നിർബന്ധമായിരുന്നു. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാത്തതിന്റെ കാരണങ്ങളിലൊന്നും അത് തന്നെയാണ്.
Post Your Comments