കൊച്ചി: പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സിനിമയോടൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. മുൻപ് ശ്രീ കൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട ശോഭായാത്രയിൽ അനുശ്രീ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. എന്നാൽ, ഇത്തവണ ശ്രീ കൃഷ്ണ ജയന്തി ശോഭായാത്രയിൽ വേഷം താരം അണിഞ്ഞ് പങ്കെടുത്തില്ല. അതേസമയം, ശോഭായാത്രയിൽ പങ്കെടുക്കുന്നതിൽ രാഷ്ട്രീയം കാണരുതെന്നും അനുശ്രീ പറയുന്നു.
കുട്ടിക്കാലം മുതലേ അമ്പലത്തിലെ എന്തുപരിപാടിക്കും ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് താനെന്നും വിമർശനങ്ങളെ പേടിച്ചല്ല ഇത്തവണ ശോഭായാത്രയിൽ വേഷം അണിയാതിരുന്നതെന്നും അനുശ്രീ പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് കമുകുംചേരിയിൽ നടന്ന ശോഭായാത്രയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
അനുശ്രീയുടെ വാക്കുകൾ ഇങ്ങനെ;
‘കൃഷ്ണനായും മുരുകനായും ഗണപതിയായും ഞാൻ വേഷമിട്ടിട്ടുണ്ട്. ശരീരം വളരുന്നതിനനുസരിച്ച് ആ സമയത്ത് നമുക്ക് ഏത് വേഷമാണോ കെട്ടാൻ പറ്റുന്നത് അത് ചെയ്യാറുണ്ട്. ഇത്തവണ ചേട്ടന്റെ കുഞ്ഞ് കൃഷ്ണനായി എത്തി. ആദ്യമായാണ് അവൻ കൃഷ്ണനായി ഒരുങ്ങുന്നത്. ഇത്തവണ അവനാണ് ഞങ്ങളുടെ താരം’
വിമർശനങ്ങളെ പേടിച്ചല്ല ഇത്തവണ ഞാൻ വേഷം അണിയാതിരുന്നത്. അങ്ങനെയെങ്കിൽ കാവി അണിഞ്ഞ് വരില്ലല്ലോ? ഇതൊന്നും പാർട്ടി അതീതമായി ചെയ്യുന്ന കാര്യങ്ങളല്ല. അമ്പലത്തില്‍ എന്ത് പരിപാടിയുണ്ടോ അതിന് ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് ഞാൻ. ഒരിക്കലും അതിനെ രാഷ്ട്രീയവൽക്കരിക്കരുത്. ഓർമവച്ച കാലം മുതലേ ചെയ്യുന്ന കാര്യങ്ങളാണ്. ചെറുപ്പത്തിൽ നമ്മളൊക്കെ രാഷ്ട്രീയം അറിഞ്ഞിട്ടാണോ ഇതുപോലെ വേഷമിട്ടത്’.
Post Your Comments