മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവൽ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. വിക്രം, കാർത്തി, ജയം രവി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ഐശ്വര്യ റായ്, തൃഷ, ശോഭിതാ ദുലിപാല, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ജയചിത്ര തുടങ്ങി വലിയ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
Also Read: ‘ഏറെ സന്തോഷിക്കുന്ന, അഭിമാനിക്കുന്ന നിമിഷം, സർക്കാരിന് നന്ദി ‘: ജയറാം
ഇപ്പോളിതാ, സിനിമയുടേതായി റിലീസ് ചെയ്ത പുതിയ പോസ്റ്ററാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ചിത്രത്തിന്റെ ഐമാക്സ് റിലീസ് അറിയിച്ചുള്ള പോസ്റ്ററിൽ ആദിത്യ കരികാലൻ എന്ന വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന് അണിയറ പ്രവർത്തകർ വരുത്തിയ മാറ്റം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആദിത്യ കരികാലൻ നെറ്റിയിൽ ‘പട്ടൈ’ ധരിച്ചിരിക്കുന്നതായാണ് പോസ്റ്ററിൽ ഉള്ളത്.
നേരത്തെ, പുറത്തിറങ്ങിയ പോസ്റ്ററിൽ കഥാപാത്രത്തിന്റെ നെറ്റിയിൽ ‘വൈഷ്ണവ തിലകം’ തൊട്ടിരുന്നു. ഇതിനെതിരെ വലിയ വിമർശനമാണ് ഉണ്ടായത്. ചോളന്മാർ ശൈവ ഭക്തരായിരുന്നു എന്നും മണിരത്നത്തിന്റെ ബ്രാഹ്മണ്യവത്കരണമാണ് ഇതെന്നും ‘വീ ദ്രവീഡിയൻസ്’ എന്ന ഫേസ്ബുക്ക് പേജിലൂടെ വിമർശനം ഉയർന്നിരുന്നു. ആദ്യം പുറത്തുവന്ന പോസ്റ്ററിലും ടീസറിലും കഥാപാത്രം ‘വൈഷ്ണവ തിലകം’ തൊട്ടിരിക്കുന്നതായിട്ടായിരുന്നു കാണിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ പുറത്തുവന്നതിന് ശേഷം ഇതുകാണിച്ച് നടൻ വിക്രമിനും മണിരത്നത്തിനും എതിരെ ലഭിച്ച പരാതിയിൽ കോടതി നോട്ടീസ് അയച്ചിരുന്നു.
Post Your Comments