കാലം മാറുന്നതോടെ എല്ലാ രംഗത്തും മാറ്റങ്ങൾ കടന്നു വരുന്നു, പുതിയ പുതിയ കണ്ടു പിടുത്തങ്ങളും ഉണ്ടാകുന്നു. ഈ കണ്ടുപിടുത്തങ്ങളും ടെക്നോളജികളും മനുഷ്യജീവിതത്തിൻ്റെ സ്വകാര്യതകൾക്ക് എങ്ങനെ വെല്ലുവിളികൾ തീർക്കുന്നു എന്നതാണ് കുടുക്ക് 2025 എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. കുറച്ചു സാധാരണക്കാരായ മനുഷ്യരിലൂടെ ഈ വിഷയം പ്രേഷകരികിലേക്ക് എത്തിക്കുവാനാണ് സംവിധായകനായ ബിലഹരിയുടെ ശ്രമം. എസ് വി കൃഷ്ണ ശങ്കറിൻ്റെ ബാനറിൽ ബിലഹരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. എസ് വി കൃഷ്ണ ശങ്കർ, ബിലഹരി, ദീപ്തി റാം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിയഞ്ചിന് പ്രദർശനത്തിനെത്തും.
മാരൻ എന്ന ചെറുപ്പക്കാരൻ്റേയും അവൻ്റെ ചുറ്റുമുള്ള ചിലരുടെയും ജീവിതവും അവർക്കു നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുമാണ് ഈ ചിത്രത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
മനഷ്യജീവിതവുമായി ഏറെ ബന്ധമുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കി പൂർണ്ണമായും കൊമേഴ്സ്യൽ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഒരു ഘട്ടത്തിൽ മിസ്റ്ററി തില്ലറിലേക്കു മാറുകയും ക്ലൈമാക്സിലേക്കെത്തുമ്പോൾ ആക്ഷൻ ത്രില്ലറിൻ്റെ സ്വഭാവം കൈവരിക്കുകയും ചെയ്യുന്നു.
മലയാളത്തിൽ ഇന്നുവരെ ചർച്ച ചെയ്യപ്പെടാത്ത ഒരു പ്രമേയം എന്നതു തന്നെയാണ് ഈ ചിത്രത്തെ വേറിട്ടു നിർത്തുന്നതും. എസ് വി കൃഷ്ണ ശങ്കറാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോ, അജു വർഗീസ്, രഘുനാഥ് പലേരി, ദുർഗ കൃഷ്ണ, റാം മോഹൻ, സാസ്വിക എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – ഭൂമി, മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം – അഭിമന്യു വിശ്വനാഥ്, എഡിറ്റിംഗ് – കിരൺ ദാസ്, പശ്ചാത്തല സംഗീതം – ഭൂമി, മുജീബ് മജീദ്, കലാസംവിധാനം – ഇന്ദു ലാൽ, അനൂപ്, ചമയം – സുനിൽ നാട്ടക്കൽ, മുത്തലിബ്, വസ്ത്രാലങ്കാരം – ഫെമിന ജബ്ബാർ, സംഘട്ടനം – വിക്കി, പിആർഒ – വാഴൂർ ജോസ്.
Post Your Comments