5 ദിവസം കൊണ്ട് 25 കോടി! ന്നാ താൻ കേസ് കൊട് വമ്പൻ വിജയത്തിലേക്ക്: വിവാദ പോസ്റ്റർ സിനിമയ്ക്ക് ഗുണം ചെയ്തുവോ?

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തില്‍ എത്തി രതീഷ് ബാലകൃഷ്ണ സംവിധാനം ചെയ്ത ‘ന്നാ താന്‍ കേസ് കൊട്’ 5 ദിവസം കൊണ്ട് സ്വന്തമാക്കിയത് 25 കോടിയെന്ന് റിപ്പോർട്ട്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 11 ന് റിലീസ് ചെയ്ത സിനിമ 25 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇത് നല്ല സിനിമയുടെ വിജയമാണെന്നും, ജനങ്ങളുടെ വിജയമാണെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

സിനിമ ജി.സി.സി റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 18 മുതലാണ് ചിത്രം ജി.സി.സി രാജ്യങ്ങളില്‍ റിലീസ് ചെയ്യുക. ഫാമിലി പ്രേക്ഷകരും യൂത്തും ഒരുപോലെ ചിത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞു. ഗായത്രി ശങ്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിനിമയിലെ നടി നടന്മാരുടെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയായിരുന്നു.

ചിത്രത്തിന്റെ തിയേറ്റര്‍ പോസ്റ്ററുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. ‘തിയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നായിരുന്നു പോസ്റ്ററിലെ ക്യാപ്ഷന്‍. ഇതിനെതിരെയാണ് ഇടത് പ്രൊഫൈലുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നത്. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള സൈബര്‍ അറ്റാക്കും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. ഇത് സിനിമയ്ക്ക് സഹായകമായി എന്നാണ് സിനിമാ നിരീക്ഷകർ വിലയിരുത്തത്. ബഹിഷ്കരണാഹ്വാനം നടന്നില്ലെന്ന് മാത്രമല്ല, ഇത് ആളുകളെ തിയേറ്ററിൽ കയറാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് സൂചന.

Share
Leave a Comment