ആമിർ ഖാനെ നായകനാക്കി അദ്വൈത് ചന്ദൻ ഒരുക്കിയ ‘ലാൽ സിംഗ് ഛദ്ദ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. ഇപ്പോളിതാ, ചിത്രത്തിനെതിരെ പരാതി ലഭിച്ചതായി അറിയിച്ചിരിക്കുകയാണ് ഡൽഹി പൊലീസ്. ഹിന്ദു വികാരം വ്രണപ്പെടുത്തി, ഇന്ത്യൻ ആർമിയോട് അനാദരവ് കാണിച്ചു എന്നീ ആരോപണങ്ങളാണ് സിനിമയ്ക്കെതിരായ പരാതിയിൽ പറയുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിൻഡാൽ ആണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ആമിർ ഖാനെതിരെയും ‘ലാൽ സിംഗ് ഛദ്ദ’യുടെ നിർമ്മാതാക്കൾക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തതായാണ് വിവരം.
Also Read: പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന്
സിനിമയിൽ ആക്ഷേപകരമായ ഉള്ളടക്കമുണ്ടെന്നും അഭിഭാഷകൻ പരാതിയിൽ പറയുന്നുണ്ട്. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രകോപനം സൃഷ്ടിക്കൽ, വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ, ഏതെങ്കിലും വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തൽ എന്നിവ സിനിമയിൽ ഉണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്.
സിനിമയിൽ ഒരു മാനസിക വൈകല്യമുള്ള വ്യക്തിക്ക് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാനും സൈന്യത്തിൽ ചേരാനും അനുമതി നൽകിയതായി നിർമ്മാതാക്കൾ ചിത്രീകരിച്ചിട്ടുണ്ട്. ഇത് ഇന്ത്യൻ സൈന്യത്തിന്റെ മനോവീര്യം കെടുത്താനും അപകീർത്തിപ്പെടുത്താനും ബോധപൂർവം ശ്രമിച്ചതിന്റെ ഉദാഹരണമാണെന്നും പരാതിയിൽ പറയുന്നു.
Post Your Comments