കൊച്ചി: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ’ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി നടന്മാരായ മോഹൻലാലും സുരേഷ് ഗോപിയും. സുരേഷ് ഗോപി തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലും, മോഹൻലാൽ എറണാകുളം എളമക്കരയിലെ വസതിയിലും ദേശീയ പതാക ഉയർത്തി. ഇന്ന് രാവിലെയാണ് ഇരുവരും പതാക ഉയർത്തിയത്.
ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്നും ‘ഹർ ഘർ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കാനും ഒന്നായി മുന്നേറാനും സഹായിക്കുമെന്നും മോഹൻലാൽ പതാകയുയർത്തിയതിന് ശേഷം പറഞ്ഞു. അഭിമാനത്തോടെ പങ്കുചേരുന്നു എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഓരോ വീടുകൾക്ക് മുന്നിലും പതാക ഉയരുന്നത് രാജ്യത്തിന്റെ ശക്തി വർദ്ധിപ്പിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ പതാക ഉയർത്തുക എന്നതാണ് ഈ പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്. ഗവർണർമാരുമാണ് ഏകോപിപ്പിക്കുക.
‘ഹർ ഘർ തിരംഗ’യുടെ ഭാഗമായി സംസ്ഥാനത്തെ രാഷ്ടീയ സാമൂഹിക പ്രവർത്തകരും മന്ത്രിമാരും ആവരവരുടെ വീടുകളിൽ ദേശീയ പതാക ഉയർത്തി. സംസ്ഥാനത്ത് കുടുംബശ്രീയാണ് വീടുകൾക്ക് മുകളിൽ ഉയർത്താനുള്ള പതാകകൾ നിർമ്മിച്ചത്. സംസ്ഥാനത്തെ വിദ്യാലയങ്ങൾ വഴി ഇന്നലെയാണ് പതാക വിതരണം ചെയ്തത്.
Post Your Comments