CinemaGeneralLatest NewsNEWS

സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ

സിനിമാ വ്യവസായം തകർച്ചയിലാണ്, അതിന് കാരണം പല പ്ലാറ്റ്ഫോമുകളുടെ കടന്നു കയറ്റവും ടിക്കറ്റിന്റെ വിലവർദ്ധനയും ആണെന്ന് വിധിയെഴുതി ആശ്വസിക്കുന്നവർ മനസ്സിലാക്കേണ്ടിയിരിക്കുന്ന ചില വസ്തുതകളുണ്ട്. പണ്ട് കേരളത്തിൽ സ്ഥിരമായി സിനിമ കണ്ടു കൊണ്ടിരുന്ന ഒരു കൂട്ടം ആളുകളുണ്ടായിരുന്നു. അവർ ഇന്ന് തിയേറ്ററിലേക്കു വരാത്തതിന്റെ കാരണം എന്താണെന്നും അതിന്റെ വ്യക്തമായ വിശകലനവും സൂക്ഷ്മമായി നോക്കാം. കെങ്കേമം എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഷാമോൻ ബി പാറേലിൽ പറയുന്നത് ഇങ്ങനെ.

ഇന്നത്തെ കേരളത്തിന്റെ ജനസംഖ്യ മൂന്നര കോടിയാണെന്ന് കണക്കുകൾ പറയുന്നൂ. അതിൽ 20 ശതമാനം പേർ കേരളത്തിന്റെ പുറത്താണ്. അങ്ങനെ വരുമ്പോൾ ഏകദേശം 2 കോടി എൺപതു ലക്ഷമാണ് കേരളത്തിലുള്ളവർ. അതിൽ അഞ്ചു ശതമാനം പേരാണ് സിനിമാ പ്രേമികൾ. അവർ തിയേറ്ററിലേക്ക് വരുന്നത് തന്നെ സോഷ്യൽ മീഡിയയുടെയും ആർടിസ്റ്റിന്റെയും മറ്റും റിവ്യൂ അടിസ്ഥാനപ്പെടുത്തിയാണ്. അതായത് സിനിമയെ ഇഷ്ടപ്പെടുന്ന 5 ശതമാനം എന്ന് പറയുന്ന കേരളത്തിലെ പതിമൂന്നര ലക്ഷം പേർ തിയേറ്ററിൽ വരുമ്പോളുള്ള കാര്യമാണ്. ഒരു ടിക്കറ്റിന് 160 രൂപാ കണക്കെടുത്താൽ ഏകദേശം 20 കോടിയോളം ഗ്രോസ്, അത് രണ്ടാഴ്ചക്കുള്ളിൽ ഉണ്ടാകണം. അങ്ങനെ ഉണ്ടാകണം എങ്കിൽ എല്ലാവരും ഒരേ സ്വരത്തിൽ പറയണം പടം കിടുവാണന്ന്. അങ്ങനെ വരുന്ന സിനിമയ്ക്ക് റിപ്പീറ്റ് ഓഡിയൻസ് ഉണ്ടാകും.

അടുത്ത കാലങ്ങളിൽ അങ്ങനെ വന്ന സിനിമയെന്ന് അവകാശപ്പെടാവുന്ന മൂന്നു സിനിമയെ ഉള്ളൂ. അത് കെ ജി എഫ് , ഭീഷ്മ , വിക്രം. ഇതല്ലാതെ റിപ്പീറ്റ് പ്രേക്ഷകർ ഉണ്ടായ ചിത്രങ്ങൾ ഇല്ലെന്നു തന്നെ പറയാം. ഈ സിനിമകൾ മുപ്പതു കോടിക്ക് മുകളിൽ ഗ്രോസ് ഉണ്ടാകും. ഗ്രോസിന്റെ യാഥാർഥ്യം ഞാൻ മുമ്പ് പറഞ്ഞിരുന്നൂ. അതെന്റെ പേജിൽ നോക്കിയാൽ കാണാം. ഇത് കേരളത്തിലെ തിയേറ്ററിന്റെ മാത്രം അവസ്ഥയല്ല.

സിനിമാ പ്രേക്ഷകർക്ക് ഇന്ന് സോഷ്യൽ മീഡിയ റീൽസായും, മറ്റു പ്ലാറ്റ് ഫോമുകളായും നിരവധി ടൈം പാസുകളുണ്ട്. അതിനാൽ ഓരോ വർഷവും തിയേറ്ററിലേക്കുള്ള പ്രേക്ഷകരുടെ ശതമാനം കുറയുന്നുണ്ട്. എന്നാൽ, അവരെ ഇൻസ്പയർ ചെയ്യാൻ സാധിക്കുന്ന സിനിമാറ്റിക്ക് എൻഗേജ്മെന്റ്സ് ഉള്ള സിനിമകൾ വന്നാൽ കൊഴിഞ്ഞു പോയ പ്രേക്ഷകരുടെ ശതമാനം കുറച്ചു കൂട്ടി കൊണ്ടുവരാൻ സാധിക്കും.

പിന്നെ, സിനിമയ്ക്കുണ്ടാകുന്ന ചിലവുകൾ. ഒരു മാസ് പടം ഉണ്ടാക്കുവാൻ ചുരുങ്ങിയത് 18 മുതൽ 22 കോടി വരെ ചിലവാകുന്നുണ്ട്. അതിൽ ശമ്പളം മാത്രം ഏകദേശം പകുതിക്കടുത്തു വരുന്നുണ്ട്. അത് കുറക്കണം എന്ന ന്യായം ശരിവെക്കുന്നതിലുള്ള വസ്തുത പറയാം. 20 കോടിയോളം വരുന്ന സിനിമകളുടെ തിയേറ്റർ ഷെയർ 20 കോടിയാണെങ്കിൽ, പ്രൊഡ്യൂസറുടെ കൈയിൽ തിരിച്ചു കിട്ടുന്നത് 8 കോടിയാണ്. മറ്റിനത്തിൽ 12 കോടിയും. മാക്സിമം 25 കോടിയും രണ്ടു വർഷത്തെ പലിശയും ചേർത്ത് ലാഭം കൈയിൽ വരണമെങ്കിൽ പടം സൂപ്പർ ഹിറ്റാകണം. കാലാവസ്ഥാ/സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാകുവാനും പാടില്ല. ഇന്നത്തെ അവസ്ഥയിൽ ആ ഭാഗ്യം എത്ര സിനിമയ്ക്ക് ഉണ്ടാകും.

മറ്റു ഭാഷകളിലെ പോലെ ശമ്പളത്തിന്റെ ഒരു ഭാഗം മാത്രം അഡ്വാൻസ്, ബാക്കി ലാഭവിഹിതം എന്ന് കണക്കാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചാൽ തീർച്ചയായും പ്രേക്ഷകന് വേണ്ട സിനിമകൾ മാത്രം ഉണ്ടാക്കാനുള്ള ചിന്ത വളരും. പ്രേക്ഷകരുടെ ശതമാനത്തിൽ വളർച്ചയുണ്ടാകുകയും ചെയ്യും. അടുത്ത വിഷയം പുതിയ പ്ലാറ്റ്ഫോമുകളുടെ കടന്നു വരവ്. ഒരു കാലത്തു സാറ്റലൈറ്റ് ചാനലുകളുടെ കടന്നു വരവാണ് സിനിമയെ പ്രതിസന്ധിയിലാക്കിയത് എന്ന രീതിയിലുള്ള ചർച്ചകൾ, 2003 മുതൽ 2016 വരെ സ്ഥിരമായി നടന്നിരുന്നു.

അന്നത്തെ പ്രൊഡ്യൂസർമാരോട് ചോദിച്ചാൽ പറയും അന്ന് അവരെ രക്ഷിച്ചത് പല സാറ്റലൈറ്റ് ചാനലുകളും ആയിരുന്നൂ എന്ന്. ഇന്ന് അതോടൊപ്പം ഇന്റർനെറ്റ് വന്നിരിക്കുന്നു. ഒപ്പം വലിയ പടങ്ങൾ മാത്രം കളിച്ചിരുന്ന ജി സി സി പോലുള്ള രാജ്യങ്ങളിൽ ചെറിയ പടവും തിയേറ്ററിൽ വരാൻ തുടങ്ങിയിരിക്കുന്നൂ. മാത്രമല്ല 90 കളിൽ ഉണ്ടായിരുന്ന പോലെ മ്യൂസിക് റൈറ്റ്സ്, മുപ്പതും നാല്പതും എന്തിനു ഒരു കോടി വരെ പോകുന്നുമുണ്ട്. സിനിമ ഒരു തരത്തിൽ മാറ്റങ്ങൾക്കു വിധേയമാകുന്നുണ്ട്. അതുപോലെ സിനിമാറ്റിക്കായ നല്ല സിനിമകൾ പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്.

അന്ന് 5.1 മതിയായിരുന്നൂ, ഇന്ന് അത് പോരാ, അറ്റ്മോസ് തന്നെ വേണം. അപ്പോൾ ബാഗ്രൗണ്ട് സ്കോർ വരെ ശ്രദ്ധിക്കണം. ചുരുക്കത്തിൽ ചെറിയ സിനിമ വലിയ സിനിമ എന്നുള്ളതല്ല. ടെക്‌നിക്കലായും, സബ്‌ജറ്റിലും സോഷ്യൽ മീഡിയയിൽ ഫ്രീ ആയി ലഭിക്കുന്ന ക്രീറ്റിവിറ്റിയുടെ പലമടങ്ങു തിയേറ്ററിൽ നൽകണം എന്നാലേ പ്രേക്ഷകർ സ്വീകരിക്കൂ.

Read Also:- തപ്‌സി പന്നുവിന്റെ ‘സബാഷ് മിത്തു’ ഒടിടി റിലീസിനൊരുങ്ങുന്നു

നാളെ വരാനിരിക്കുന്ന മാറ്റമാണ് ഇനി അതിശയിപ്പിക്കാൻ പോകുന്നത്. സ്റ്റാർഡം എന്നത് സോഷ്യൽ മീഡിയ സ്റ്റാറ്റസിനെയും അപേക്ഷിച്ചിരിക്കും, അതിനാൽ നല്ല ക്രീയേറ്റിവിറ്റി നൽകാൻ സാധിക്കുന്ന ടീമിന്റെ സിനിമ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുവാനും, അതിന്റെ അടിസ്ഥാനത്തിൽ മാത്രം തിയേറ്റർ ഓഡിയൻസ് ഉണ്ടാകുന്ന കാലം വിദൂരമല്ല. അതിന്റെ തെളിവാണ് തിയേറ്ററിൽ വരുന്ന ഇന്നത്തെ സിനിമയുടെ ആദ്യ പ്രേക്ഷകന്റെ വയസ്സ് 18നും 28 നും ഇടയിലാണ് എന്നത്. അവരെ തൃപ്തിപ്പെടുത്തിയാലേ ആദ്യ വിജയം ഉണ്ടാകൂ. അതൊരു വലിയ ചലഞ്ച് തന്നെയാണ്. കാരണം, അവർ വളരെ അഡ്വാൻസ്ഡ് ആണ്. ഒപ്പം ക്രീയേറ്റീവും ആണ്. ഷാമോൻ സിനിമാ വ്യവസായത്തെ താങ്ങി നിർത്താനുള്ള തന്ത്രങ്ങൾ പറഞ്ഞു നിർത്തി.

shortlink

Related Articles

Post Your Comments


Back to top button