1986, നെടുമങ്ങാട്..
കഥ തുടങ്ങുന്നത് ഇവിടെ നിന്നാണ്.
നാട്ടിന്‍പുറത്തുകാരായ ചന്ദ്രബോസിന്റെയും (വിഷ്ണു ഉണ്ണികൃഷ്ണന്), അയൽവാസിയും സുഹൃത്തുമായ യതീന്ദ്രൻ നായരുടെയും (ജോണി ആന്റണി) കുടുംബ ബന്ധത്തിന്റെയും സൗഹൃദത്തിന്റെയും കഥയ്ക്കൊപ്പം, 1980 – കളില്‍ ടെലിവിഷന്‍ നാട്ടിൻപുറങ്ങളിലെ വീടുകളിലേക്ക് കടന്നുവന്ന കാലം കൂടിയാണ് ചിത്രം പറയുന്നത്. അയൽവീടുകളിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിക്കിടന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടിവിയില്‍ സിനിമ കണ്ടിട്ടുള്ളവര്‍ക്ക് ഈ ചിത്രം മറ്റൊരു അനുഭവമാണ്.
വിഷ്ണു ഉണ്ണികൃഷ്ണന്, ജോണി ആന്റണി കോമ്പോ നന്നായിട്ടുണ്ട്. ഇരുവരും മികച്ച അഭിനയമാണ് ചിത്രത്തിലുടനീളം കാഴ്ച വെച്ചിരിക്കുന്നത്. പതിവ് വേഷങ്ങളില്‍ നിന്ന് മാറി ഒരു തനി നാട്ടിന്‍പുറത്തുകാരനായി അഭിനയിക്കേണ്ടി വരുമ്പോള്‍ കഥാപാത്രത്തിനുണ്ടാകേണ്ട മാനറിസങ്ങള്‍ വളരെ അളന്നു കുറിച്ചാണ് വിഷ്ണു ഉണ്ണികൃഷ്ണന് തന്റെ വേഷം ഗംഭീരമാക്കിയിരിക്കുന്നത്.
നൊസ്റ്റാള്‍ജിയ നിറഞ്ഞ ഒരു കാലഘട്ടത്തെ വളരെ മനോഹരമായി കോര്‍ത്തിണക്കി വി.സി അഭിലാഷ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നു. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ‘ആളൊരുക്കം’ എന്ന ചിത്രത്തിന് ശേഷം അഭിലാഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തലവും, കഥാപാത്രങ്ങളും, തിരുവനന്തപുരത്തിന്റെ സ്വന്തം ഗ്രാമഭാഷയും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. കോമഡി ട്രാക്കില്‍ സസ്പെന്‍സ് നിറഞ്ഞ ഒരു ഫാമിലി ഇമോഷണല്‍ എന്റര്‍ടൈനര്‍ ആണ് സബാഷ് ചന്ദ്രബോസ്.
കളിയും ചിരിയും തമാശയും വെല്ലുവിളികളും, വാശിയുമൊക്കെയായി ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ഉദ്യോഗഭരിതമായ സംഭവങ്ങളിലേക്കാണ് രണ്ടാം പകുതി പ്രേക്ഷകനെ കൂട്ടിക്കൊണ്ടു പോകുന്നത്. എന്നാല്‍, പറയുന്ന വിഷയത്തിന്റെ രസചരട് മുറിഞ്ഞു പോകാതിരിക്കാന്‍ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്.
ആ പ്രദേശത്ത് യതീന്ദ്രന്റെ വീട്ടിലാണ് അന്ന് ടിവിയുണ്ടായിരുന്നത്. അതും ബ്ലാക്ക് ആന്‍ഡ് വൈറ്റ്. നാട്ടിലെ ആളുകള്‍ ടി വി കാണാന്‍ വന്നിരുന്നതും അവിടെയാണ്. ചന്ദ്ര ബോസും കുടുംബവും അക്കൂട്ടത്തിലുണ്ടാവും. മാത്രമല്ല, ഇരു വീട്ടുകാരും തമ്മില്‍ നല്ല സൗഹൃദത്തിലുമാണ്. എന്നാല്‍, ഒരു ദിവസം പ്രത്യേക സാഹചര്യത്തില്‍ ടി.വി സംബന്ധമായ ഒരു സംഭവം ചന്ദ്രബോസിനെ ഒരു വെല്ലുവിളിയുടെ വക്കിലെത്തിക്കുന്നു. അത് ഇരു വീട്ടുകാര്‍ക്കിടയിലെ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുന്നു. തുടര്‍ന്ന് ചന്ദ്രബോസിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.
ഇർഷാദ് അലി, കോട്ടയം രമേഷ്, ജാഫർ ഇടുക്കി, സുധി കോപ്പ എന്നിവരും നന്നായി അഭിനയിച്ചിട്ടുണ്ട്. തൊഴില്‍ പ്രശ്നങ്ങളും, സമരവും, ജാതി ചിന്തകളും, ചന്ദ്ര ബോസിന്റെ പ്രണയവും, സൗഹൃദവുമൊക്കെ ചിത്രത്തിന്റെ കഥയ്ക്ക് മാറ്റ് കൂട്ടുന്നു.
‘ഉണ്ട’, ‘സൂപ്പര്‍ ശരണ്യ’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സജിത്ത് പുരുഷന് ആണ് ദൃശ്യഭംഗി നിറഞ്ഞ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു. സംവിധായകനായ വി.സി അഭിലാഷ്, അജയ് ഗോപാല്‍ എന്നിവരുടെ വരികള്‍ക്ക് ശ്രീനാഥ് ശിവ ശങ്കരൻ സംഗീതം നല്കിയിരിക്കുന്നു. ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സബാഷ് ചന്ദ്രബോസ്സ്… നൊസ്റ്റാള്‍ജിയ നിറഞ്ഞ ഒരു നല്ല സിനിമാനുഭവമാണ്.. കാണുക .. ചിരിക്കുക.. ആസ്വദിക്കുക..!!
അസിം കോട്ടൂർ
Post Your Comments