
ലോകത്തിലെ പ്രധാന ചലച്ചിത്രമേളകളിൽ ഒന്നാണ് സ്വിറ്റ്സർലാന്റിലെ ലൊകാർണോ രാജ്യാന്തര ചലച്ചിത്രമേള. ഇക്കുറി ചലച്ചിത്രമേളയിലേക്ക് മലയാളത്തിൽ നിന്ന് ‘അറിയിപ്പ്’ എന്ന ചിത്രവും തിരഞ്ഞെടുത്തിരുന്നു. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം നിർമ്മിച്ചതും അദ്ദേഹം തന്നെയായിരുന്നു. മത്സര വിഭാഗത്തിലേക്ക് ആയിരുന്നു ചിത്രം തിരഞ്ഞെടുത്തത്. കഴിഞ്ഞ ദിവസമായിരുന്നു ചലച്ചിത്രമേളയിൽ ചിത്രത്തിന്റെ പ്രീമിയർ നടന്നത്. മത്സര വിഭാഗത്തിൽ ഓപ്പണിങ് ചിത്രമായാണ് ‘അറിയിപ്പ്’ പ്രദർശിപ്പിച്ചത്.
Also Read: തോക്ക് ലൈസന്‍സിന് പിന്നാലെ ബുള്ളറ്റ് പ്രൂഫ് കാറും: സുരക്ഷ ശക്തമാക്കി സൽമാൻ ഖാൻ
ഇപ്പോളിതാ, മത്സര വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചൻ. ലോകത്തിന്റെ പല ഭാഗത്ത് നിന്നും എത്തിയ നിരവധി പേർ തിങ്ങിനിറഞ്ഞ തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിച്ചത് എന്നും, ചിത്രം അവസാനിച്ചപ്പോൾ നിലയ്ക്കാത്ത കരഘോഷം ഉണ്ടായെന്നുമാണ് ചാക്കോച്ചൻ കുറിച്ചത്. പരിപാടിയുടെ ചിത്രങ്ങളും ചാക്കോച്ചൻ പങ്കുവെച്ചിട്ടുണ്ട്.
ആദ്യമായാണ് ഒരു മലയാള ചിത്രം ലൊകാർണോ ചലച്ചിത്രമേളയിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. നേരത്തെ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘നിഴൽക്കൂത്ത്’ ലൊകാർണോ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നാൽ അത് മത്സരവിഭാഗത്തിൽ ആയിരുന്നില്ല. മഹേഷ് നാരായണനാണ് ‘അറിയിപ്പി’ന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത്. ദിവ്യ പ്രഭയാണ് ചിത്രത്തിൽ നായികയായി എത്തിയത്. നോയിഡയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന മലയാളികളുടെ ജീവിതമാണ് സിനിമ പറയുന്നത്.
Post Your Comments