
ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രം സീതാരാമത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. യുഎഇ ഉൾപ്പടെയുള്ള വിവിധ ജിസിസി രാജ്യങ്ങളിലാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിവിധ രാജ്യങ്ങൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലാണ് വിലക്ക്. ആഗസ്റ്റ് 5 ന് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് ഈ നടപടി.
ഹനു രാഘവപുടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് സീതാരാമം. മൃണാൾ താക്കൂറും രശ്മിക മന്ദാനയുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. 1960കളിൽ കാശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ചിത്രം പ്രദർശനത്തിന് എത്തും. സ്വപ്ന സിനിമയാണ് ചിത്രം നിർമ്മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു.
‘ലെഫ്റ്റനന്റ് റാം’ എന്ന കഥാപാത്രത്തെ ദുൽഖർ അവതരിപ്പിക്കുമ്പോൾ ‘സീത’ എന്ന കഥാപാത്രമായിട്ടാണ് മൃണാൾ എത്തുന്നത്. ‘അഫ്രീൻ’ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും അഭിനയിക്കുന്നു. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Post Your Comments