പൃഥ്വിരാജ് – സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ട് ഒന്നിച്ച ‘ജന ഗണ മന’ തിയേറ്ററിൽ വിജയം കൈവരിച്ച സിനിമയാണ്. സിനിമയുടെ വിജയത്തിന് പിന്നാലെ ചില സംഘടനകൾ അവരുടെ പരിപാടികളുടെ ഉദ്ഘാടനത്തിനായി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും, എന്നാൽ താൻ അതിന് പോയില്ലെന്നും വെളിപ്പെടുത്തുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. എന്തുകൊണ്ടാണ് ഈ സംഘടനകൾ വിളിച്ചിട്ടും പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
‘ജന ഗണ മന റിലീസ് ചെയ്തതിന് ശേഷം എസ്.ഡി.പി.ഐയുടെ നേതാവ് അവരുടെ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടന ചടങ്ങിന് വിളിച്ചു. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിയെ എന്തുകൊണ്ട് വിളിച്ചില്ലെന്ന് ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞത് ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളെയാണ് എന്നാണ്. ഞാന്‍ മനസിലാക്കിയ കാര്യം അവര്‍ക്ക് വേണ്ടത് എന്റെ പേരിന്റെ അറ്റത്തുള്ള മുഹമ്മദിനെയായിരുന്നു. ഞാന്‍ വരില്ലെന്ന് പറഞ്ഞു’, ഷാരിസ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read:‘ചോദ്യ ചിഹ്നം പോലെ’: ബർമുഡയ്‍ക്കായി മോഹൻലാൽ പാടിയ ഗാനം പുറത്തിറക്കി മമ്മൂട്ടി
‘അത് കഴിഞ്ഞ് ഫ്രറ്റേണിറ്റിയുടെ നേതാവ് വിളിച്ചു. അവരുടെ ഇസ്‌ലാമോഫോബിയ സമ്മേളനത്തില്‍ സംസാരിക്കാന്‍. ഞാന്‍ പറഞ്ഞു, എനിക്കെന്ത് ഇസ്‌ലാമോഫോബിയ?. ഞാന്‍ ചോദിച്ചു, എന്തുകൊണ്ട് ഡിജോയെ വിളിച്ചില്ല. അവരും പറഞ്ഞു ഞങ്ങള്‍ക്ക് വേണ്ടത് നിങ്ങളെയാണ്. ഇങ്ങനെയൊരു സിനിമയാണോ ഞാന്‍ ചെയ്തത് എന്ന് ചിന്തിച്ച് പോയി’, തിരക്കഥാകൃത്ത് പറയുന്നു.
കെ റെയിലിനെതിരെയും തിരക്കഥാകൃത്ത് തന്റെ ശബ്ദമുയർത്തി. കെ റെയിലിനെ വിമര്‍ശിച്ച് കവിതയെഴുതിയതിന്റെ പേരില്‍ റഫീക്ക് അഹമ്മദിനെ സൈബര്‍ ഇടങ്ങളില്‍ അപമാനിച്ചുവെന്ന് ഷാരിസ് ചൂണ്ടിക്കാട്ടി. തനിക്ക് ഒരു കെ റെയിലും വേണ്ടെന്നും അതുകൊണ്ട് ഉണ്ടാകുന്ന രണ്ട് മണിക്കൂറിന്റെ ലാഭവും ആവശ്യമില്ലെന്നും ഷാരിസ് വ്യക്തമാക്കി. രാജ്യത്ത് പൈസ കൊടുത്താല്‍ അരിയും മണ്ണെണ്ണയും മാത്രമല്ല സര്‍ക്കാരിനെയും വിലയ്ക്ക് വാങ്ങാന്‍ പറ്റുന്ന കാലമാണിതെന്നും, എന്നാല്‍ വിദ്യാര്‍ത്ഥി സംഘടനകളെ വിലയ്‌ക്കെടുക്കാന്‍ കഴിയുന്ന ഒരു തുലാസും നിര്‍മ്മിക്കപ്പെട്ടിട്ടില്ലെന്നും ഷാരിസ് അഭിപ്രായപ്പെട്ടു.
Post Your Comments