വൈറലായ തമിഴ് ഗാനം എൻജോയ് എന്‍ജാമിയെ ചൊല്ലിയുള്ള വിവാദം വലിയ ചർച്ചയാകുകയാണ്. ഡീ, റാപ്പർ അറിവ് എന്നിവർ ചേർന്ന് പാടി അവതരിപ്പിച്ച ഗാനത്തിന്റെ അവകാശവാദത്തെ ചൊല്ലിയാണ് തർക്കം. അറിവും സംഗീത സംവിധായകൻ സന്തോഷ് നാരായണനുമാണ് ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചത്.
ഈ ഗാനം താൻ രചിക്കുകയും, പാടുകയും, അവതരിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു അറിവ് അവകാശപ്പെട്ടത്. ഇത് സംബന്ധിച്ച് അറിവ് സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്കുവച്ചിരുന്നു. മണിക്കൂറുകൾക്ക് ശേഷം, ഗാനത്തിന്റെ സൃഷ്ടിയിൽ തന്റെ പങ്ക് വെളിപ്പെടുത്തി നിർമ്മാതാവ് സന്തോഷ് നാരായണനും രംഗത്തെത്തി. ഗാനത്തിന്റെ അവകാശം തനിക്കും ഡിക്കും അറിവിനും തുല്യമാണെന്നും, അതൊരു ടീം വർക്ക് ആണെന്നുമാണ് സന്തോഷ് നാരായണൻ പറയുന്നത്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന രണ്ട് പേജുള്ള പ്രസ്താവനയും ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
44ാമത് ചെസ്സ് ഒളിമ്പ്യാഡിൽ ഡി എൻജോയ് എന്‍ജാമി പാടിയിരുന്നു. അറിവിന്റെ അസാന്നിധ്യത്തിൽ കിടക്കുഴി മറിയമ്മാൾ ആയിരുന്നു ഡിയ്ക്കൊപ്പം വേദിയിലുണ്ടായിരുന്നത്. പാട്ടിന്റെ രചന സന്തോഷ് നാരായണനാണ് എന്നായിരുന്നു പരിപാടിയിൽ പറഞ്ഞത്. ഇതിനു പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. തുടർന്ന് ഉയർന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് ‘നിങ്ങൾ ഉറങ്ങുമ്പോൾ ആർക്കും നിങ്ങളുടെ നിധി തട്ടിയെടുക്കാം. നിങ്ങൾ ഉണർന്നിരിക്കുമ്പോൾ ഒരിക്കലും അതിന് കഴിയില്ല. ജയ് ഭീം. സത്യം എല്ലായ്‌പ്പോഴും വിജയിക്കും,’ എന്ന് അറിവ് സോഷ്യൽ മീഡിയയിലൂടെ മറുപടിയും നൽകിയിരുന്നു.
Post Your Comments