തെന്നിന്ത്യൻ സിനിമ ആരാധകർ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. അല്ലു അര്‍ജുന്‍ വ്യത്യസ്ത വേഷത്തിലെത്തിയ ചിത്രത്തിന്റെ ആദ്യ ഭാഗം ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത്. ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. പുഷ്പ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് മാസത്തിൽ തുടങ്ങുമെന്ന റിപ്പോർട്ടുകളായിരുന്നു നേരത്തെ പുറത്ത് വന്നത്. എന്നാൽ, ഇതിന് പിന്നാലെ കൊവിഡ് കാലത്തിനു ശേഷം തങ്ങളുടെ വരുമാനം ഇടിഞ്ഞെന്നും ചെലവ് വര്‍ധിച്ചെന്നും വ്യക്തമാക്കി തെലുങ്ക് സിനിമ നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഓഗസ്റ്റ് 1 മുതല്‍ സിനിമകളുടെ ചിത്രീകരണം നിര്‍ത്തിവെക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ഇതോടെ പുഷ്പ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗും അനിശ്ചിതത്വത്തിലായിരുന്നു.
ഇപ്പോളിതാ, സിനിമയുടെ ചിത്രീകരണം ആഗസ്റ്റ് അവസാനത്തോടെ ആരംഭിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് വൈ രവി ശങ്കര്‍. തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സമരം ഈ മാസത്തോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അങ്ങനെയെങ്കില്‍ അവസാനവാരം ചിത്രീകരണം ആരംഭിക്കുമെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.
അതേസമയം, നിര്‍മ്മാതാക്കളുടെ പ്രശ്‌ന പരിഹാരത്തിനായി ഫിലിം ചേംമ്പര്‍ സമരം ആഹ്വാനം ചെയ്തതിനാല്‍ ഷൂട്ടിങ് നടത്താന്‍ കഴിയില്ലെന്നാണ് സംവിധായകന്‍ സുകുമാര്‍ വ്യക്തമാക്കിയത്. ചില ആന്തരിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഷൂട്ട് പുനരാരംഭിക്കാന്‍ അറിയിപ്പ് ലഭിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ചിത്രീകരണം ആരംഭിക്കാന്‍ തങ്ങള്‍ തയ്യാര്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments