ഗായിക ഡീ, റാപ്പർ അറിവ് എന്നിവർ ചേർന്നാലപിച്ച തമിഴ് ഗാനം എൻജോയ് എൻജാമിയെച്ചൊല്ലിയുള്ള വിവാദമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പാട്ടിന്റെ അവകാശം സംബന്ധിച്ചാണ് ചർച്ചകൾ നടക്കുന്നത്. 44ാമത് ചെസ്സ് ഒളിമ്പ്യാഡിൽ ഡീ എൻജോയ് എൻജാമി പാടിയിരുന്നു. അറിവിന്റെ അസാന്നിധ്യത്തിൽ കിടക്കുഴി മറിയമ്മാൾ ആയിരുന്നു ഡീയ്ക്കൊപ്പം വേദിയിലുണ്ടായിരുന്നത്. പാട്ടിന്റെ രചന സന്തോഷ് നാരായണനാണ് എന്നായിരുന്നു പരിപാടിയിൽ പറഞ്ഞത്. ഇതിനു പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം.
ഈ ഗാനം താൻ രചിക്കുകയും, പാടുകയും, അവതരിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു അറിവ് അവകാശപ്പെട്ടത്. മണിക്കൂറുകൾക്ക് ശേഷം, ഗാനത്തിന്റെ സൃഷ്ടിയിൽ തന്റെ പങ്ക് വെളിപ്പെടുത്തി നിർമ്മാതാവ് സന്തോഷ് നാരായണനും രംഗത്തെത്തിയിരുന്നു. ഗാനത്തിന്റെ അവകാശം തനിക്കും ഡീക്കും അറിവിനും തുല്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
Also Read: സെക്‌സ് ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്ന് കരൺ ജോഹറിന്റെ ചോദ്യം: കലക്കൻ മറുപടിയുമായി ആമിർ ഖാൻ
ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി ഡീയും രംഗത്തെത്തിയിരിക്കുകയാണ്. പാട്ടിന്റെ എല്ലാ ഉടമസ്ഥാവകാശവും തങ്ങൾ മൂന്നുപേരും തുല്യമായി പങ്കിടുന്നുവെന്നാണ് ഡീ പറയുന്നത്. അറിവിന്റെ ശബ്ദം ഏറ്റവും ഉച്ചത്തിൽ കേൾക്കണമെന്നായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നും അറിവിന് പറയാനുള്ളത് പ്രധാനപ്പെട്ടതാണെന്നും അത് എല്ലാവരും കേൾക്കേണ്ടതാണെന്നും താൻ വിശ്വസിക്കുന്നുവെന്നും ഡീ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
‘ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥാവകാശവും ഞങ്ങൾ മൂന്നുപേരും തുല്യമായാണ് പങ്കിടുന്നത്. ഏതെങ്കിലും തരത്തിലുള്ള അസമത്വത്തെ അംഗീകരിക്കുകയാണെങ്കിൽ ഞാൻ അതിന്റെ ഭാഗമാകില്ല. എൻജോയ് എൻജാമിയിലെ ഇരുവരുടെയും പ്രാധാന്യം ഞാൻ ഒരു ഘട്ടത്തിലും കുറയ്ക്കുകയോ താഴ്ത്തുകയോ ചെയ്തിട്ടില്ല. ഞാൻ അവരുടെ ജോലി ഹൈലൈറ്റ് ചെയ്യാൻ മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ, ഓരോ ഘട്ടത്തിലും ഞാൻ അത് ചെയ്യുന്നു. ബാഹ്യ സ്രോതസ്സുകൾ ഞങ്ങളുടെ ഗാനം പങ്കിടുകയും പ്രൊമോട്ട് ചെയ്യുകയും ചെയ്യുന്ന രീതിയിൽ എനിക്ക് യാതൊരു നിയന്ത്രണവുമില്ല’, ഡീ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Post Your Comments