ടോളിവുഡിൽ ആഗസ്റ്റ് ഒന്ന് മുതല്‍ ചിത്രീകരണം നിര്‍ത്തുന്നു: കാരണം വിശദീകരിച്ച് നിര്‍മ്മാതാക്കള്‍

ഇന്ത്യൻ സിനിമയുടെ നെറുകയിൽ തന്നെ തലയുയർത്തി നിൽക്കത്തക്ക ചിത്രങ്ങളുമായാണ് തെലുങ്ക് സിനിമ ലോകം  വളരുന്നത്. എന്നാല്‍, കൊവിഡ് കാലത്തിന് ശേഷം ചലച്ചിത്ര മേഖലയിലുണ്ടായ തളർച്ച ടോളിവുഡിനെയും ബാധിച്ചെന്ന പുതിയ വിവരമാണ് വരുന്നത്. കൊവിഡ് കാലത്തിന് ശേഷം തങ്ങളുടെ വരുമാനം ഇടിഞ്ഞെന്നും ചെലവ് വര്‍ധിച്ചെന്നുമാണ് തെലുങ്ക് സിനിമ നിര്‍മ്മാതാക്കള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ആഗസ്റ്റ് ഒന്ന് മുതൽ സിനിമകളുടെ ഷൂട്ടിംഗ് നിർത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നതായി അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. പ്രശ്നം പരിഹരിക്കുന്നതിനായി താരങ്ങളുമായും സാങ്കേതിക പ്രവര്‍ത്തകരുമായും നിര്‍മ്മാതാക്കളുടെ സംഘടന ചര്‍ച്ചകള്‍ നടത്തിയെങ്കിലും അത് പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ട്.

Also Read: ‘പുല്ല് :ദി റൈസിങ് ‘ സിനിമയുടെ ട്രൈലർ പുറത്തിറങ്ങി

ചിത്രീകരണം നിര്‍ത്തിവെക്കാന്‍ ഇടയാക്കിയ സാഹചര്യം വിശദീകരിച്ച് നിർമ്മാതാക്കളുടെ സംഘടനയായ ആക്റ്റീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. ചലച്ചിത്ര നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഈ മേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുക തങ്ങളുടെ ഉത്തരവാദിത്തമാണെന്നും വ്യവസായത്തെ കൂടുതല്‍ ആരോഗ്യകരമായ സാഹചര്യത്തിലേക്ക് എത്തിക്കേണ്ടതുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

പ്രഭാസിന്‍റെ പ്രോജക്റ്റ് കെ, അഖില്‍ അക്കിനേനി – മമ്മൂട്ടി ചിത്രം ഏജന്‍റ്, സാമന്ത നായികയാവുന്ന യശോദ, അല്ലു അര്‍ജുന്‍ – ഫഹദ് ഫാസില്‍ ചിത്രം പുഷ്‍പ: ദ് റൂള്‍ തുടങ്ങി വരാനിരിക്കുന്ന നിരവധി സിനിമകളെ നിർമ്മാതാക്കളുടെ ഈ തീരുമാനം ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

Share
Leave a Comment