CinemaGeneralIndian CinemaLatest NewsMollywood

ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കുമുള്ള സമയ യാത്ര, മഹാവീര്യർ മികച്ച പരീക്ഷണം: സലാം ബാപ്പു

നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ചിത്രമാണ് മഹാവീര്യർ. ഇപ്പോളിതാ, സിനിമയെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്  സംവിധായകൻ സലാം ബാപ്പു. അവതാർ പോലെയോ ബാഹുബലി പോലെയോ ഉള്ള സിനിമകൾ റിലീസ് ചെയ്താൽ പലരും സമൂഹ മാധ്യമങ്ങളിലൂടെ പ്രകീർത്തിക്കുമെന്നും അത്തരം പരീക്ഷണങ്ങൾ മലയാളത്തിൽ ഏതെങ്കിലുമൊരു സംവിധായകൻ നടത്തിയാൽ പരമ്പരാഗത രീതിയിൽ നിന്നും വ്യതിചലിച്ചു എന്ന് അവർ പഴി കേൾക്കേണ്ടി വരുമെന്നുമാണ് സലാം ബാപ്പു പറയുന്നത്. തിയേറ്ററിൽ സിനിമ അവസാനിക്കുമ്പോൾ ആ സിനിമയുടെ കഥയും പലരംഗങ്ങളും നമ്മൾ പിന്നീട് ആലോചിച്ച് പൂരിപ്പിക്കേണ്ടി വരുമെന്നും അത്തരമൊരു സിനിമയാണ് മഹാവീര്യർ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Also Read: പ്രായവ്യത്യാസമൊക്കെ കാണിക്കുമ്പോൾ മേക്കപ്പ് പിഴച്ചാൽ അയാൾ പ്രായമുള്ളതായി തോന്നില്ല: ഫഹദിന് അവാർഡ് നഷ്ടമായതിന്റെ കാരണം

സലാം ബാപ്പുവിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

കടിഞ്ഞാണില്ലാത്ത ഭ്രാന്തമായ സ്വപ്‌നങ്ങൾ നോവലുകളിൽ പകർത്തി വെക്കുന്നത്‌ പോലെ തന്നെ ചലച്ചിത്ര ഭാഷ്യവും നൽകാൻ കഴിയുക എന്നത്‌ എഴുത്തുകാരനെ പോലെ സംവിധായകനും കൊതിക്കാറുണ്ട്‌. ഹാരി പോട്ടർ നോവൽ പോലെ തന്നെ സിനിമയാകുകയും ചെയ്യുമ്പോൾ നാം അമ്പരന്ന് ആ കാഴ്ച നമ്മളെ മറ്റൊരു ലോകത്ത്‌ എത്തിക്കുന്നതായി അനുഭവിക്കുന്നു. അവതാർ പോലുള്ള സിനിമകളും നമ്മെ വിസ്മയിപ്പിക്കുന്നു. അത്തരം ചിത്രങ്ങൾ ഇന്ത്യയിൽ ബാഹുബലി പോലെയുള്ള ചിത്രങ്ങളിലൂടെ ആഴത്തിൽ കടന്ന് വന്ന് കഴിഞ്ഞു. അങ്ങനെ ഭ്രാന്തമായ സ്വപ്നങ്ങൾ മലയാളത്തിൽ ചെയ്യാൻ കൊതിക്കുന്ന നിരവധി സംവിധായകരും എഴുത്തുകാരും നമുക്ക്‌ ഉണ്ട്‌. എന്നാൽ അതിനു ആർക്കൊക്കെ ഭാഗ്യം ലഭിച്ചു..!? അത്തരത്തിൽ അടുത്ത കാലത്ത് വ്യത്യസ്തങ്ങളായ പരീക്ഷണ സിനിമകൾ എടുത്ത് നമ്മെ വിസ്മയിപ്പിച്ചിട്ടുള്ളവരാണ് നമ്മുടെ അയൽ സംസ്ഥാനക്കാരനായ ശങ്കറും രാജമൗലിയും പ്രശാന്ത് നീലും, മലയാളികൾ ആവേശത്തോടെ അത്തരം സിനിമകൾ കാണും, കയ്യടിക്കും, വിജയിപ്പിക്കും, നമ്മുടെ ഫിലിം മേക്കേഴ്‌സ് അവരെ അസൂയയോടെയും ആശ്ചര്യത്തോടെയും ബഹുമാനത്തോടെയും നോക്കി കാണും. നിരൂപകർ മലയാളത്തിൽ അത്തരത്തിൽ സിനിമകൾ ഇറങ്ങുന്നില്ലെന്ന് പരിഭവിച്ച്‌ ലേഖനമെഴുതും. ഇനി അത്തരത്തിൽ ഒരു മാറ്റത്തിനായി ഇവിടെ ഏതെങ്കിലും സിനിമ പ്രവർത്തകർ ശ്രമിച്ചാൽ പരമ്പരാഗത രീതിയിൽ നിന്നും വ്യതിചലിച്ചു എന്ന വലിയ പഴി അവർ കേൾക്കേണ്ടിയും വരും, പിന്നീട് ടെലിവിഷനിലും ഒടിടി പോലുള്ള പ്ലാറ്റ്ഫോമുകളിലും അതേ ചിത്രങ്ങൾ വരുമ്പോൾ അതിനെ വാഴ്ത്തിപ്പാടുന്നതും കാണാം.

പറഞ്ഞ്‌ വരുന്നത്‌ മലയാളി കണ്ടു പരിചയിച്ച സിനിമാകളുടെ വാർപ്പ്‌ മാതൃകകൾ പൊളിച്ചെഴുതി പുതിയ പാതയിൽ വഴിമാറി സഞ്ചരിച്ചു നോക്കാൻ പ്രേരിപ്പിക്കുന്ന ഒരു ചിത്രം ഈ ആഴ്ച തീയറ്ററിൽ എത്തിയിരിക്കുന്നു. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ, വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ചലച്ചിത്രാവിഷ്‌കാരമാണ്. താരതമ്യം ചെയ്യാനോ, ഒത്തുനോക്കാനോ ഇതുപോലൊരു സിനിമ മലയാളത്തിൽ മുമ്പുണ്ടായിട്ടില്ല എന്നുറപ്പിച്ച് പറയാം. ആദ്യ ദിവസം തന്നെ സിനിമ കണ്ടു, ഒരു പ്രേക്ഷകൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും എന്നെ ചിത്രം പിടിച്ചിരുത്തി. പിന്നീട് സിനിമയെ കുറിച്ച് പലതരത്തിലുള്ള സോഷ്യൽ മീഡിയ ചർച്ചകൾ കണ്ടു. മഹാവീര്യരെ പറ്റി എഴുതാതെ മൗനം പാലിക്കുന്നത് ശരിയല്ല എന്നത് കൊണ്ടാണ് ഈ കുറിപ്പ് ഇപ്പോൾ പോസ്റ്റ്‌ ചെയ്യുന്നത്‌.

1983, ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മഹാവീര്യർ’. മുൻ ചിത്രങ്ങളിലും പുതുമയാർന്ന പരീക്ഷണങ്ങളിലൂടെ പ്രേക്ഷകരുടെ തള്ളലും തലോടലും ഏറ്റുവാങ്ങി വളർന്ന സംവിധായകൻ. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമെല്ലാം മുഖ്യ പ്രമേയമാക്കി നർമ്മ–വൈകാരിക മുഹൂർത്തങ്ങൾക്ക് പ്രാധാന്യം നൽകി വളരെ വ്യത്യസ്തമായ രീതിയിലാണ് പുതിയ ചിത്രം എബ്രിഡ് ഒരുക്കിയിരിക്കുന്നത്. ഭൂതകാലത്തിലേക്കും ഭാവികാലത്തിലേക്കുമുള്ള സമയ യാത്രയാണ് സിനിമയുടെ പ്രമേയം. സമാന്തരമായ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് ചിത്രം.
രാജാവും രാജാവിന്റെ ഉത്തരവ് പാലിക്കാൻ ഇറങ്ങിത്തിരിച്ച മന്ത്രിയും ശകവർഷം 1783യിലെ രാജഭരണകാലത്തിൽ നിന്ന് നേരെയങ് 2020 ലെ കോടതി മുറിയിലേക്ക് എത്തുന്നു. തുടർന്ന് നടക്കുന്ന പൊളിറ്റിക്കൽ സറ്റയർ തന്നെയാണ് സിനിമ, അതിനൊരു ബ്ലാക്ക് ഹ്യൂമർ പശ്ചാത്തലവുമുണ്ട്, സമകാലിക രാഷ്ട്രീയത്തെ ആഴത്തിൽ ചോദ്യം ചെയ്യുവാനുള്ള കെൽപ്പമുണ്ട്. അദൃശ്യമായി സമകാലിക രാഷ്ട്രീയവിമർശനവും സ്വാഭാവികമായ നർമ്മ മുഹൂർത്തങ്ങളും ആക്ഷേപഹാസ്യവുമൊക്കെ ഇടകലർത്തിയാണ് എബ്രിഡ് ഷൈൻ ‘മഹാവീര്യർ’ മനോഹരമായി ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ ഒരു ചെറുകഥയിൽ നിന്നും സ്വതന്ത്രമായ ഭാവനയുടെ വലിയൊരു ലോകം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തു കൂടിയായ എബ്രിഡ് ഷൈൻ. ഒരു കലാകാരൻ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കുകയും അത്‌ അടയാളപ്പെടുത്തുകയും ചെയ്യുമ്പോഴാണു യഥാർത്ഥ കലാകാരനാവുക. എബ്രിഡ്‌ അവിടെ വിജയിച്ചിരിക്കുന്നു.

ഭരണാധികാരിക്ക് ഒരസുഖം ബാധിച്ചിരിക്കുന്നു, അതിനാൽ ഭരണ കാര്യങ്ങളിൽ ശ്രദ്ധിക്കാനോ ജനങ്ങളെ ശത്രു രാജ്യങ്ങളിൽ നിന്നും സംരക്ഷിക്കാനോ കഴിയുന്നില്ല. എന്തിന് ഉറക്കവും സുഖവും നഷ്ടപ്പെട്ടിരിക്കുന്നു അതിനുള്ള പ്രതിവിധി തേടി ഉദാരമതിയായ മഹാരാജാവ് പുതിയ കാലത്തെ കോടതിയിൽ പ്രത്യക്ഷപ്പെടുകയും വിസ്തരിക്കുവാൻ അനുവദിക്കുകയും ചെയ്യുന്നതാണ് കഥാ തന്തു. സമകാലിക ഇന്ത്യൻ രാഷ്ട്രീയവുമായി പ്രേക്ഷകർക്ക് എളുപ്പം കണക്ട് ചെയ്യാനാവുന്ന സന്ദർഭങ്ങൾ ചിത്രത്തിൽ ധാരാളം വരുന്നുണ്ട്. കോർട്ട് റൂമിൽ ഒരു സമയത്ത് മൗലികാവകാശം, വ്യക്തിസ്വാതന്ത്ര്യം എന്നിവ ഭരിക്കുന്നവർ തീരുമാനിക്കുന്നുവെന്നും, അധികാര വർഗ്ഗത്തെ എതിർക്കുന്നവർക്ക് നേരെ രാജ്യദ്രാഹം എന്ന ശക്തമായ ആയുധം എങ്ങിനെ ഉപയോഗിക്കുന്നുവെന്നും മഹാവീര്യർ കൃത്യമായി പറയുന്നു. സമകാലിക ഇന്ത്യയെ ഒരു സറ്റയർ ചിത്രം ഉപയോഗിച്ച്‌ എബ്രിഡ്‌ കീറി മുറിക്കുമ്പോൾ നമ്മൾ സിനിമയിലെ പ്രജയായി മാറുകയാണ്. 1783 ലെ രാജഭരണ കാലത്ത്‌ രാജാവിനും രാജ്യത്തിനും വേണ്ടി കീഴടങ്ങി തൊഴുത്‌ നിൽക്കേണ്ടി വന്ന പ്രജയിൽ നിന്ന് ഈ 2022 ലും ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് ജനാധിപത്യത്തിൽ വോട്ട്‌ ചെയ്യുന്ന നമ്മെ സിനിമ ബോധ്യപ്പെടുത്തുകയാണ്.

കോടതിയിലെ വിസ്താരം ഒരുവേള കഴിഞ്ഞപ്പോൾ രാജാവ് കുപിതനായി. ഇനി ഞാൻ പറയുന്നതുപോലെ ചെയ്താൽ മതി എന്നു ജഡ്ജിയോട് ഉത്തരവിടുന്നു. തനിക്കെതിരെ സംസാരിച്ച പബ്ലിക് പ്രോസീക്യൂട്ടറോട് അയാളുടെ നാവ് അരിയുമെന്ന് പറഞ്ഞു നിശബ്ദനാക്കുന്നു. അധികാരത്തിന്റെ ധാർഷ്ട്യത്തിൽ പ്രജകളുടെ കണ്ണീരു ഊറ്റിയെടുത്ത് കുടിച്ച് മദോന്മത്തരാകുന്ന ഭരണാധികാരികൾക്ക് നേരെ ശക്തമായ സന്ദേശമാണ് ചിത്രം. ഈ അടുത്ത കാലത്തെ കോടതി വിധികളും ഉത്തരവുകളും പഠിച്ചാൽ മഹാവീര്യർ എത്ര ആഴത്തിലാണു പ്രേക്ഷകർക്ക്‌ മുന്നിലെത്തിയതെന്ന് ബോധ്യമാകുന്നുണ്ട്‌. ഭരണാധികാരിക്ക്‌ വേണ്ടി നിയമവും നീതിയും മറന്ന് രാജാവ്‌ തന്നെയാണു നിയമവും നീതിയും എന്ന് പറയുന്ന ജഡ്‌ജിനെ നമ്മൾ കണ്ട്‌ കൊണ്ടിരിക്കുകയാണല്ലോ.

പ്രജയുടെ കണ്ണീർ വീഴ്ത്തി സുഖം നേടാൻ നോക്കുന്ന രാജാവിന് അറിയില്ലായിരുന്നു, ക്രൂരമായി കഷ്ടപ്പെടുത്തി വീഴ്ത്തുന്ന കണ്ണീരിനെക്കാൾ ആനന്ദകണ്ണീരിന് മഹത്വം ഉള്ള കാര്യം. കോടതിക്കും അറിയില്ലായിരുന്നു, എന്ത് ചെയ്താലാണ് പ്രജയിൽ നിന്ന് വേണ്ടത് കിട്ടുക എന്നത്. പ്രജയുടെ മനസ്സ് നിറഞ്ഞാൽ മാത്രമേ രാജാവിന് സുഖമായി ഉറങ്ങാനും രാജ്യഭരണം നല്ലരീതിയിൽ കൊണ്ടുപോകാനും കഴിയൂ എന്നും തല്ല് കൊണ്ടല്ല തലോടൽ കൊണ്ടും നിയമം അനുസരിപ്പിക്കുവാൻ സാധിക്കും നിവിൻ പോളിയുടെ അപൂർണ്ണനന്ദ എന്ന സന്യാസി തെളിയിക്കുന്നു. രാജാവിന്റെ രാജ്യം ഭരിക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് വിധി പുറപ്പെടുവിച്ച് ജനത്തിന്റെ മുന്നിൽ കോമാളി ആകുന്ന പുതിയ കാലത്തെ നിയമ വ്യവസ്ഥയെ ചിത്രം പരോക്ഷമായി വിമർശിക്കുന്നുണ്ട്.

കാലങ്ങളിൽ നിന്ന് കാലങ്ങളിലേക്ക് ടൈം ട്രാവൽ നടത്തുന്ന സന്യാസി അപൂർണാനന്ദനായി നിവിൻ പോളി തന്റെ വേഷം മികച്ചതാക്കി, മന്ത്രിയായ വീരഭദ്രനായി ആസിഫ് അലിയെ കാണാൻ എന്തൊരു തേജസാണ്, ഉഗ്രസേന മഹാരാജാവായി ലാലും മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റായി സിദ്ദിഖും പബ്ലിക് പ്രോസിക്യൂട്ടറായി ലാലു അലക്‌സും മികച്ച പ്രകടനം കാഴ്ചവച്ചു. ഷാൻവി ശ്രീവാസ്തവയുടെ ദേവയാനി എന്ന കഥാപാത്രവും പ്രത്യേകശ്രദ്ധ നേടുന്നുണ്ട്, വല്ലാത്ത സ്‌ക്രീൻ പ്രസൻസോടെ അവർ ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. മല്ലിക സുകുമാരൻ, വിജയ് മേനോൻ, മേജർ രവി, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും അഭിനയം കൊണ്ട് സാനിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്.

ഫോട്ടോഗ്രാഫർ കൂടിയായ സംവിധായകനു പിന്തുണ നൽകാൻ ചന്ദ്രു സെൽവരാജിന്റെ ഫ്രെയിമുകൾക്ക് സാധിച്ചിട്ടുണ്ട്. ഈ സിനിമയുടെ പ്രധാന ആകർഷണം കണ്ണാടിച്ചില്ലുപോലെ തിളക്കമാർന്ന ഫ്രയിമുകളാണ്. മലയാള സിനിമയുടെ പരിമിധികൾ മറികടന്ന് അതിമനോഹരമായ വിഷ്വലുകൾ ഒരുക്കാൻ ചിത്രത്തിനു കഴിഞ്ഞു. ലൊക്കേഷന്റെ മനോഹാര്യതക്കൊപ്പം കലാസംവിധാനവും വസ്ത്രാലങ്കാരവും ശബ്ദ മിശ്രണവും മികച്ചു നിന്നു.

ചില സിനിമകളുണ്ട് തിയേറ്ററിൽ അവസാനിക്കുമ്പോൾ നമ്മുടെ മനസ്സിൽ തുടങ്ങുന്നത്. കഥയും, പലരംഗങ്ങളും നമ്മൾ പിന്നീട് ആലോചിച്ച് പൂരിപ്പിക്കേണ്ടത്. അങ്ങനെയൊരു സിനിമയാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ആസിഫലി ടീമിന്റെ മഹാവീര്യർ. ഈ ചിത്രം ഒരേ സമയം ചിന്തിപ്പിക്കുകയും അതേ സമയം ഒരു തിയേറ്റർ എക്സ്‌പീരിയൻസ്‌ നൽകുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button