
സിബി മലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന ചിത്രം യു/എ സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു. കുടുംബ ബന്ധങ്ങളുടെയും സൗഹൃദത്തിൻ്റെയും പശ്ചാത്തലത്തിലൂടെ ശക്തമായ സാമൂഹ്യ വിഷയം അവതരിപ്പിക്കുകയാണ് ഈ ചിത്രം. തീവ്രമായ കാഴ്ച്ചപ്പാടുകൾ വച്ചുപുലർത്തുന്ന രണ്ടു ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നത്. ആസിഫ് അലിയും റോഷൻ മാത്യുവുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. നിഖില വിമലാണ് നായിക. ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്ത് ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ആഗസ്റ്റ് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും.
Also Read: സുരേഷ് ഗോപിയുടെ പാപ്പൻ തിയേറ്ററുകളിലേക്ക്
യു/എ സർട്ടിഫിക്കറ്റിൻ്റെ അറിയിപ്പുമായി എത്തിയ കൊത്തിൻ്റെ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിരിക്കുകയാണ്. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം നിരവധി തവണ കരസ്ഥമാക്കിയിട്ടുള്ള ഹേമന്ത് കുമാറിൻ്റേതാണ് രചന. മനു മഞ്ജിത്ത്, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് കൈലാസ് മേനോൻ ആണ്.
ശ്രീജിത്ത് രവി, വിജിലേഷ്, ശ്രീലക്ഷമി, ശിവൻ സോപാനം, അതുൽ രാംകുമാർ, ദിനേശ് ആലപ്പി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കലാസംവിധാനം – പ്രശാന്ത് മാധവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അഗ്നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ – ബാദുഷ, പിആർഒ – വാഴൂർ ജോസ്.
Post Your Comments