ആലിയ ഭട്ടിനൊപ്പം മലയാളി നടൻ റോഷൻ മാത്യുവും കേന്ദ്ര കഥാപാത്രമായി എത്തുന്ന ബോളിവുഡ് ചിത്രമാണ് ‘ഡാർലിംഗ്‌സ്’. ജസ്‍മീത് കെ റീൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ടിന്റെ നിർമ്മാണ കമ്പനി ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാരൂഖും നിർമ്മാണത്തിൽ പങ്കാളിയാകുന്നുണ്ട്.
Also Read: വിക്കി കൗശലിനും കത്രീന കൈഫിനും വധഭീഷണി: ആരാധകൻ അറസ്റ്റിൽ
ഇപ്പോളിതാ, ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ആലിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭർത്താവിനെ കാണാതാകുന്നതും തുടർന്നുള്ള സംഭവങ്ങളുമായിരിക്കും സിനിമയുടെ കഥ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.
ഡാർക്ക് കോമഡി വിഭാഗത്തിലാണ് സിനിമ ഒരുങ്ങുന്നത്. അമ്മ – മകൾ ബന്ധത്തിലൂന്നിയ കഥയാണ് സിനിമ പറയുന്നത്. ഷെഫാലി ഷായും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സിൽ ഡയറക്ട് റിലീസ് ആയിട്ടാണ് ചിത്രം എത്തുക. ഓഗസ്‍റ്റ് അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ‘ഡാർലിംഗ്‍സ്’. അനുരാഗ് കശ്യപ് സംവിധാനം ചെയ്‍ത ‘ചോക്ക്ഡ്’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം.
Post Your Comments