മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ ജോൺസൺ മാഷ് വിടപറഞ്ഞിട്ട് പതിനൊന്നു കൊല്ലങ്ങൾ. ‘മഴ, കട്ടൻ, ജോൺസൺ സംഗീതം’ എന്നു ന്യൂജൻ ആഘോഷിക്കുകയാണ് ഈ ജോൺസൺ സംഗീതത്തെ. ഈ വേളയിൽ തന്റെ ചിത്രങ്ങൾക്ക് ഏറ്റവും കൂടുതൽ സംഗീതം ഒരുക്കിയ ജോൺസൺ മാഷിനെക്കുറിച്ചു ഹൃദയ സ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.
ജോൺസൺ എന്ന സംഗീത സംവിധായകനുമപ്പുറം അദ്ദേഹത്തിന്റെ കലാഹൃദയത്തെയും കുടുംബ സ്നേഹത്തെയും അടയാളപ്പെടുത്തുകയാണ് സത്യൻ അന്തിക്കാട്.
കുറിപ്പ് പൂർണ്ണ രുപം
ജോൺസൺ എന്ന ‘കണ്ണീർപ്പൂവ്’.
കുറെ മുമ്പുനടന്ന കഥയാണ്. ഒരിക്കൽ റിഹേഴ്സൽ ചെയ്തുതുടങ്ങിയ പാട്ട് പാടാതെ ജോൺസണുമായി പിണങ്ങി യേശുദാസ് റെക്കോഡിങ് തിയേറ്ററിൽനിന്ന് ഇറങ്ങിപ്പോയി. ജോൺസണ് അത് വലിയൊരു ഷോക്കായിരുന്നു. ഗുരുതുല്യനായ ഗായകൻ. ‘ദാസേട്ടാ’ എന്നുമാത്രമേ ജോൺസൺ അദ്ദേഹത്തെ വിളിച്ചിട്ടുള്ളൂ. തിരിച്ച് യേശുദാസ് ‘മോനേ’ എന്നും. എവിടെയോ ഒരു ശ്രുതിഭംഗം. ചോദിച്ചപ്പോൾ ജോൺസൺ പറഞ്ഞു: ‘നൂറുശതമാനം എന്റെമാത്രം തെറ്റായിരുന്നു…’ ഇനി തന്റെ പാട്ടുപാടാൻ ദാസേട്ടൻ ഒരിക്കലും വരാതിരുന്നാലോ എന്നൊക്കെ അന്ന് ജോൺസൺ വിഷമിച്ചു. മറുഭാഗത്ത് യേശുദാസിനെ സുഖിപ്പിക്കാൻ ചിലരൊക്കെ അദ്ദേഹത്തോട് പറഞ്ഞുവത്രേ ‘ജോൺസൺ അഹങ്കാരിയാണ്. ധിക്കാരിയാണ്, പാടാതെ പോയത് നന്നായി’ എന്ന്. കുറ്റംപറച്ചിൽ കൂടിക്കൂടിവന്നപ്പോൾ രൂക്ഷമായി യേശുദാസ് പറഞ്ഞു:
‘നിങ്ങളാരും അതാലോചിച്ച് വേവലാതിപ്പെടേണ്ട. അത് ഞങ്ങൾ തമ്മിലുള്ള കാര്യം. മനസ്സിനിണങ്ങിയൊരു പാട്ടുപാടണമെങ്കിൽ ഇപ്പോഴും ജോൺസൺതന്നെ സംഗീതം നൽകണം. ദേവരാജൻമാഷുടെ അനുഗ്രഹം കിട്ടിയ ശിഷ്യനാണ്. ആ ഗുണം അവനും അവന്റെ പാട്ടുകൾക്കുമുണ്ട്.’
ആ വർഷം മികച്ച ഗായകനുള്ള ദേശീയ അവാർഡ് യേശുദാസിനായിരുന്നു. മികച്ച സംഗീതത്തിന് ജോൺസണും അവാർഡുണ്ട്. അമേരിക്കയിൽനിന്ന് ദാസേട്ടൻ ജോൺസണെ വിളിച്ചുപറഞ്ഞു:
‘എനിക്കിവിടെനിന്ന് പെട്ടെന്ന് നാട്ടിൽ വരാൻ ബുദ്ധിമുട്ടുണ്ട്. എനിക്കുള്ള അവാർഡ് നീ ഏറ്റുവാങ്ങിയാൽ മതി.’
പ്രതിഭയുള്ളവരുടെ പിണക്കത്തിന് അത്രയേ ആയുസ്സുള്ളൂ. ഒരു മിന്നൽപ്പിണർ വന്നുപോകുന്നതുപോലെ. ജോൺസന്റെ പ്രശസ്തമായ പല പാട്ടുകളും യേശുദാസ് പാടിയത് അതിനുശേഷമാണ്.
ലോഹിതദാസ് പണ്ട് പറഞ്ഞിട്ടുണ്ട്: ‘മരിച്ചാലേ മനുഷ്യൻ മഹാനാകൂ.’ ലോഹിയുടെ കാര്യത്തിലും ജോൺസന്റെ കാര്യത്തിലും അത് ശരിയാണെന്ന് കാലം തെളിയിക്കുന്നു. പണ്ട് ശ്രദ്ധിക്കാതിരുന്ന ജോൺസന്റെ പാട്ടുകൾ പുതിയ തലമുറ ഇപ്പോൾ ‘കവർസോങ്’ ആയി പുറത്തിറക്കുന്നു. ‘മഴ, കട്ടൻചായ, ജോൺസൺ മാഷ്’ എന്നത് ഒരു ചൊല്ലായി മാറിയിരിക്കുന്നു. ജോൺസന്റെ പശ്ചാത്തലസംഗീതംപോലും പാട്ടുപോലെ ആളുകൾ മൂളിനടക്കുന്നു.
‘തൂവാനത്തുമ്പികളി’ൽ ക്ലാരയും ജയകൃഷ്ണനും കണ്ടുമുട്ടുമ്പോൾ കേൾക്കുന്ന ആ മധുരസംഗീതം വർഷങ്ങളേറെയായിട്ടും നമ്മുടെ മനസ്സിൽനിന്ന് മാഞ്ഞിട്ടില്ലല്ലോ. തനിക്കിത്രയേറെ ആരാധകർ ഉണ്ടായിരുന്നുവെന്ന് ജീവിച്ചിരിക്കുമ്പോൾ ജോൺസൺ അറിഞ്ഞിട്ടേയില്ല. ഇരുപത്തഞ്ചോളം സിനിമകളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഓരോ സിനിമയും ഓരോ അനുഭവമായിരുന്നു. പാട്ടുകൾക്ക് സംഗീതമൊരുക്കുന്നതോ തിരശ്ശീലയിൽ തെളിയുന്ന രംഗങ്ങൾക്ക് പശ്ചാത്തലസംഗീതം നൽകുന്നതോ ഒരു ജോലിയായി ജോൺസണ് തോന്നിയിട്ടില്ല. കൈതപ്രത്തിനെ കൂട്ടുകിട്ടിയപ്പോൾ അതിർവരമ്പുകളില്ലാത്ത സംഗീതം ആ മനസ്സിൽനിന്നൊഴുകാൻ തുടങ്ങി. എഴുതാൻ എത്ര പ്രയാസമേറിയ ട്യൂൺ നൽകിയാലും കൈതപ്രം അത് കവിതയാക്കി വിസ്മയിപ്പിക്കുമായിരുന്നു. ‘അർത്ഥം’ എന്ന സിനിമയിലെ ‘ശ്യാമാംബരം’ തന്നെ മികച്ച ഉദാഹരണമാണ്. ‘വരവേൽപ്പ്’ എന്ന ചിത്രത്തിലാണ് കൈതപ്രം-ജോൺസൺ കൂട്ടുകെട്ടിന്റെ തുടക്കം. മദ്രാസിലെ ന്യൂവുഡ്ലാൻഡ്സ് ഹോട്ടലിൽവെച്ചായിരുന്നു കമ്പോസിങ്. ‘വെള്ളാരപ്പൂമലമേലെ’ എന്ന പാട്ടിന് കൈതപ്രത്തിന്റെ വരികൾക്കിണങ്ങിയ സംഗീതം ജോൺസൺ നൽകി. അടുത്ത ഗാനത്തിന്റെ സിറ്റുവേഷൻ കേട്ടപ്പോൾ ജോൺസൺ പറഞ്ഞു:
‘ഇവിടെ വെറുമൊരു പ്രണയഗാനം പോരാ. ഉള്ളുപിടയുന്ന നൊമ്പരവും നിസ്സഹായതയുമൊക്കെ വേണം. ഞാനൊരു ട്യൂൺ ഇട്ടാൽ ഇദ്ദേഹത്തിന് എഴുതാൻ ബുദ്ധിമുട്ടാകുമോ? പുതിയ ആളല്ലേ?’ ആ വെല്ലുവിളി നിഷ്പ്രയാസം കൈതപ്രം ഏറ്റെടുത്തു.
‘ദൂരെ ദൂരെ സാഗരം തേടി
പൊക്കുവെയിൽ പൊൻനാളം…’
പാടി നോക്കിയ ശേഷം എന്നെ മാറ്റിനിർത്തി ജോൺസൺ പറഞ്ഞു:
‘ഇയാൾ ചില്ലറക്കാരനല്ല കേട്ടോ. കവിതയോടൊപ്പം സംഗീതവുമുണ്ട് മനസ്സിൽ.’
തുടർന്ന് എത്രയോ ചിത്രങ്ങളിലൂടെ, എത്രയോ പാട്ടുകളിലൂടെ കൈതപ്രം – ജോൺസൺ കൂട്ടുക്കെട്ട് നമ്മെ അതിശയിപ്പിച്ചു!
മരണം ജോൺസണെ പലവട്ടം വന്നു വിളിച്ചിട്ടുണ്ട്. ഒരിക്കൽ തിരുവനന്തപുരത്തുനിന്ന് ട്രെയിനിൽ വരുമ്പോൾ കോട്ടയത്തിനടുത്തുവെച്ച് താഴെവീണു. റെയിൽപ്പാളത്തിനടുത്ത് വീണുകിടക്കുന്നത് മലയാളത്തിലെ പ്രിയപ്പെട്ട സംഗീതസംവിധായകനാണെന്ന് അറിയാതെതന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. നെറ്റിയിലും ദേഹത്തുമൊക്കെ മുറിവുകളുമായി കോട്ടയം മെഡിക്കൽ കോളേജിൽ കിടക്കുന്ന ജോൺസന്റെ മുഖം ഇപ്പോഴും ഓർമയുണ്ട്. എന്നെക്കണ്ടതും ജോൺസന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പുതിയ സിനിമ തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. ഇടറിയ ശബ്ദത്തിൽ ജോൺസൺ പറഞ്ഞു:
‘മാഷേ, എനിക്കുവേണ്ടി കാത്തിരിക്കണ്ട. വേറെ ഏതെങ്കിലും മ്യൂസിക് ഡയറക്ടറെ വിളിച്ച് സംഗീതം ചെയ്യിച്ചോളൂ.’
‘അതൊന്നും വേണ്ട’’ ഞാൻ പറഞ്ഞു. ‘ഈശ്വരൻ ആയുസ്സ് നീട്ടിത്തന്നത് എന്റെ സിനിമയ്ക്കുവേണ്ടിയുംകൂടിയാണ്. എത്രവൈകിയാലും അത് താൻതന്നെ ചെയ്തുതന്നാൽ മതി’
ഞാൻ കാത്തിരുന്നു.
മുഖത്തും കൈത്തണ്ടയിലുമൊക്കെ മുറിപ്പാടുകളുമായി ജോൺസൺ വന്നു. അവിസ്മരണീയമായ ഗാനങ്ങൾ നിറഞ്ഞ ‘സ്നേഹസാഗരം’ ആയിരുന്നു ആ ചിത്രം. ഇപ്പോഴും ‘പീലിക്കണ്ണെഴുതി’, ‘തങ്കനിലാപ്പട്ടുടുത്തു’ തുടങ്ങിയ പാട്ടുകൾ കേൾക്കുമ്പോൾ ഹാർമോണിയത്തിൽ വിരലുകളോടിച്ച് ജോൺസൺ പാടുന്നത് ഓർമവരും.
സംവിധായകന്റെ മനസ്സ് വായിക്കുന്ന സംഗീതസംവിധായകനായിരുന്നു ജോൺസൺ. ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ എന്നെക്കാൾ മുമ്പേ ജോൺസൺ പറയാറുണ്ട്. അതെങ്ങനെ എന്ന് ഞാനെപ്പോഴും അദ്ഭുതപ്പെടും.
മുമ്പ് പറഞ്ഞിട്ടുള്ളതാണ്-
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിനുവേണ്ടി പി.വി. ഗംഗാധരൻ നിർമിച്ച ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. നിലാവുള്ള ഒരു രാത്രി നെടുമുടിവേണുവിനോടൊപ്പം ജയറാം, സംയുക്താവർമയെ കാണാൻവരുന്നൊരു രംഗമുണ്ട്. സിനിമയിൽ അതൊരു സ്വപ്നരംഗമാണ്. അതുകൊണ്ടുതന്നെ യാഥാർഥ്യത്തിൽനിന്ന് അല്പം വ്യതിചലിച്ചിട്ടാണ് ചിത്രീകരണം. മുറ്റത്തെ മരച്ചില്ലകൾക്കിടയിലൂടെ കാണുന്ന വിധത്തിൽ വലിയൊരു ചന്ദ്രനെയൊക്കെ കെട്ടിത്തൂക്കിയിട്ടുണ്ട്. വാതിൽ തുറന്ന സംയുക്തയോട് ‘ഞാൻ ദൂരെ കടയിൽ പോയി മുട്ടപുഴുങ്ങിയതും സോഡയും വാങ്ങി വരാം’ എന്നുപറഞ്ഞ് നെടുമുടി സ്ഥലംവിടുന്നു. പ്രണയം തുളുമ്പിനിൽക്കുന്ന നിമിഷങ്ങൾ.
ആർദ്രമായ ശബ്ദത്തിൽ ജയറാം പറയും:
‘നമുക്ക് ആ പാലമരച്ചോട്ടിൽ ചെന്നിരിക്കാം.’
എന്നിട്ടവർ അല്പം അകലെയുള്ള മരച്ചോട്ടിലേക്ക് നടക്കും. ഞാൻ ക്യാമറാമാൻ വിപിൻ മോഹനോട് പറഞ്ഞു:
‘നീളത്തിൽ ഒരു ട്രോളിയിട്ടോളൂ. ജയറാമും സംയുക്തയും പതുക്കെ നടക്കും. അവരോടൊപ്പം ക്യാമറയും. പശ്ചാത്തലത്തിൽ കെ.പി.എ.സി. നാടകങ്ങളിലെ പഴയൊരു ഗാനം വയലിനിലോ ഫ്ളൂട്ടിലോ ഇവിടെ വായിക്കാൻ ജോൺസനോട് പറയാം.’
റിഹേഴ്സൽ നടക്കുമ്പോഴും ഷോട്ട് എടുക്കുമ്പോഴും ‘വെള്ളാരംകുന്നിലെ… പൊൻമുളം കാട്ടിലെ…’ എന്ന ഗാനം ഞാൻ മനസ്സിൽ മൂളുമായിരുന്നു. പിന്നെയും കുറേ ദിവസങ്ങൾക്കുശേഷമാണ് ഷൂട്ടിങ് പൂർത്തിയായത്. എഡിറ്റിങ്ങും ഡബ്ബിങ്ങുമൊക്കെ കഴിഞ്ഞ് റീ-റെക്കോഡിങ് തുടങ്ങുമ്പോഴേക്കും മാസം രണ്ടുകഴിഞ്ഞു. അന്നത്തെ നാടകഗാനസംഭവം ഞാനങ്ങു മറക്കുകയും ചെയ്തു. റീ-റെക്കോഡിങ്ങിന് തൊട്ടുമുമ്പ് ഞാനും ജോൺസണും തമ്മിൽ ചെറുതായൊന്ന് വഴക്കിട്ടു. അതുകൊണ്ടുതന്നെ ഗൗരവത്തിലാണ് രണ്ടുപേരും ജോലിക്കുവേണ്ടി ഇരുന്നത്. അത്യാവശ്യമുള്ള കാര്യങ്ങളേ പരസ്പരം സംസാരിക്കൂ. സൗഹൃദചർച്ചകളൊന്നുമില്ല. സിനിമയുടെ റീലുകൾ സ്ക്രീനിൽ തെളിയാൻ തുടങ്ങി. നേരത്തേ പറഞ്ഞ രംഗമെത്തിയപ്പോൾ പെട്ടെന്ന് എന്റെ മനസ്സിൽ അന്നുതോന്നിയ നാടകഗാനം ഓർമവന്നു. അതുപറയുംമുമ്പ് എന്നെ ഞെട്ടിച്ചുകൊണ്ട് ജോൺസൺ പറഞ്ഞു: ‘മാഷേ, അവർ പാലമരച്ചോട്ടിലേക്ക് നടക്കുന്ന ട്രോളി ഷോട്ടിൽ നമുക്ക് പഴയൊരു നാടകഗാനത്തിന്റെ മ്യൂസിക് കൊടുക്കാം. ‘വെള്ളാരംകുന്നിലെ… പൊൻമുളം കാട്ടിലെ…’ എന്ന പാട്ടിന്റെയോ മറ്റോ…’എനിക്കൊന്നും മിണ്ടാൻ പറ്റിയില്ല. തോളിലൂടെ കൈയിട്ട് ഞാൻ ജോൺസണെ ചേർത്തുപിടിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
തുടർച്ചയായി ഒരുമിച്ച് സിനിമകൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് ജോൺസൺ പറയും:
‘താൻ വേറെയും മ്യൂസിക് ഡയറക്ടർമാരുമായി വർക്ക് ചെയ്യണം. അപ്പോഴേ പലതരം അനുഭവങ്ങളുണ്ടാകൂ.’
ഞാനത് കാര്യമാക്കാറില്ല. പിന്നീടെപ്പോഴോ ഇളയരാജയുടെ സംഗീതം ഒരു സിനിമയിലെങ്കിലും ഉൾപ്പെടുത്തണമെന്നൊരു മോഹമുണ്ടായി. ഞാനത് ജോൺസണോട് സൂചിപ്പിച്ചു. ചെറിയൊരു ചിരിയോടെ ജോൺസൺ പറഞ്ഞു:
‘മാഷേ. സിനിമയുള്ളതുകൊണ്ടാണ് നമ്മൾ സുഹൃത്തുക്കളായത്. ആ സൗഹൃദം നിലനിർത്താൻ സിനിമതന്നെ വേണമെന്നൊന്നുമില്ല. എങ്കിൽപ്പിന്നെ അത് സൗഹൃദമാകില്ലല്ലോ. താൻ ധൈര്യമായി ഇളയരാജയെവെച്ച് പടം ചെയ്യ്.’
അധികമാർക്കും പറയാൻ കഴിയാത്തൊരു മറുപടിയാണത്. ഹൃദയശുദ്ധിയുള്ള കലാകാരന്റെ മനസ്സിൽനിന്നുമാത്രം വരുന്ന വാക്കുകൾ.
എത്ര തിരക്കുള്ളപ്പോഴും കുടുംബത്തെ മറന്നൊരു കളിയില്ല ജോൺസണ്. പാട്ടുകളുടെ കമ്പോസിങ് മദ്രാസിലാണെങ്കിൽ മക്കളെ സ്കൂളിൽക്കൊണ്ടുപോയി വിട്ടിട്ടേ ജോൺസൺ വരൂ. ഉച്ചകഴിഞ്ഞാൽ പാട്ടുകൾ ട്യൂൺ ചെയ്യുന്നതിനിടയിൽ ഇടയ്ക്കിടക്ക് വാച്ചിൽ നോക്കും:
‘മക്കളുടെ സ്കൂൾ വിടാറായി.
അവരെ വിളിക്കാൻ ഡ്രൈവർ പോയിട്ടുണ്ടാകുമോ, കൃത്യസമയത്ത് അവർ വീട്ടിലെത്തിയിട്ടുണ്ടാകുമോ’-ഇതൊക്കെയാണ് ആശങ്ക. ഇടയ്ക്ക് ഭാര്യ റാണിയെ ഫോണിൽ വിളിക്കും. ‘ഇലക്ട്രിസിറ്റി ബില്ലടച്ചോ, മാർക്കറ്റിലേക്ക് മീൻ വാങ്ങാൻപോയ ചാർളിക്ക് നല്ല മീൻ കിട്ടിയോ’ -ഇങ്ങനെ ഒരു കുടുംബനാഥന്റെ നൂറുനൂറു സംശയങ്ങൾ.
‘ചേട്ടൻ അവിടെയിരുന്ന് ജോലി ചെയ്തോ. അതൊക്കെ ഞാൻ നോക്കിക്കോളാം’ എന്ന് റാണി മറുപടി പറയും.
അപ്പോൾ ചമ്മിയ ഒരു ചിരിയോടെ ജോൺസൺ ഞങ്ങളോട് പറയും:
‘പെണ്ണുമ്പിള്ളയ്ക്ക് ഇഷ്ടമല്ല ജോലിക്കിടയിലുള്ള ഈ അന്വേഷണങ്ങൾ.’
സന്ധ്യയാകാറാകുമ്പോൾ ഹാർമോണിയം അടച്ചുവെച്ച് ജോൺസൺ സ്ഥലംവിടും.
മദ്രാസിലിരുന്നാൽ കുടുംബകാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കുന്നതുകൊണ്ട് ഞങ്ങൾ കമ്പോസിങ് കേരളത്തിലേക്കുമാറ്റും. എറണാകുളത്തോ ഷൊർണൂരോ എവിടെയായാലും പാട്ടുകളുടെ ജോലി തീർന്നാൽ തിരിച്ചുപോകുംമുമ്പ് ഒരു ഷോപ്പിങ്ങുണ്ട്. ഭാര്യയ്ക്ക് സാരി. മകൾക്ക് ചുരിദാർ. മോന് കളിപ്പാട്ടം. ഞാൻ ചോദിക്കും: ‘ഇതിനെക്കാൾ വലിയ സിറ്റിയല്ലേ മദ്രാസ്. ഷോപ്പിങ്ങിന് ഇവിടത്തെക്കാൾ നല്ലത് അവിടെയല്ലേ?’
‘അത് ശരിയാണ്. എന്നാലും വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ നമ്മളെന്തെങ്കിലുമൊക്കെ വാങ്ങിക്കൊണ്ടുചെല്ലുന്നത് അവർക്കൊരു സന്തോഷമാണ്.’
അത്രയേറെ കുടുംബത്തെ സ്നേഹിച്ച ജോൺസൺ ഈ ലോകത്തുനിന്ന് മുമ്പേ യാത്രയായത് ദൈവനിശ്ചയംതന്നെയായിരിക്കണം. ജോൺസന്റെ വേർപാടിനുശേഷം മാസങ്ങൾക്കുള്ളിലാണ് ഒരു ബൈക്കപകടത്തിൽ മകൻ മരിക്കുന്നത്. പിന്നെ റാണിക്ക് ആകെയുണ്ടായിരുന്ന കൂട്ട് മകൾ ഷാൻ മാത്രമായിരുന്നു. സംഗീതത്തിൽ അച്ഛന്റെ പാതയിൽതന്നെയായിരുന്നു അവൾ. വിടരുംമുമ്പേ അവളും വിട പറഞ്ഞു! സ്വന്തം സംഗീതത്തിൽ ഒരുക്കിയ ഗാനം റെക്കോഡ് ചെയ്യുന്നതിന്റെ തലേദിവസം രാത്രിയിൽ ഉറക്കത്തിൽ ഒരു സ്വപ്നം പാതിവെച്ച് പൊലിഞ്ഞുപോയതുപോലെയായിരുന്നു അത്. ജീവിച്ചിരുന്നിരുന്നുവെങ്കിൽ ഈ രണ്ടു ദുരന്തങ്ങളും താങ്ങാൻ ജോൺസണ് കഴിയുമായിരുന്നില്ല. പക്ഷേ, അതെല്ലാം സഹിച്ച് ആ ഓർമകളിൽ രാപകലുകൾ തള്ളിനീക്കുന്ന റാണി ഇപ്പോഴും നമ്മളോടൊപ്പമുണ്ട്. ദൈവം അവർക്ക് തണലേകുന്നുണ്ട്.
‘ഏതോ ജന്മകല്പനയിൽ’ ഈ ഭൂമിയിലേക്കുവന്ന ഗന്ധർവനായിരുന്നു ജോൺസൺ. സംഗീതത്തിന്റെ മുത്തും പവിഴവും നമുക്ക് സമ്മാനിച്ച് ആ ഗന്ധർവൻ ‘ദേവാങ്കണ’ത്തിലേക്ക് തിരിച്ചുപോയി. ജോൺസണെപ്പോലെ ഇനിയൊരാൾ നമുക്കില്ല. വർഷങ്ങൾ പിന്നിടുന്തോറും കാലം അത് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
‘ഇതൊക്കെ എന്തിനാ മാഷേ’ എന്ന് ചോദിച്ച് മഴയിലൂടെ കണ്ണിറുക്കി ചിരിക്കുന്ന ജോൺസന്റെ മുഖമെനിക്ക് മനസ്സിൽ കാണാം. പ്രശസ്തിയിലും പ്രശംസകളിലും അഭിരമിക്കാത്ത ആളായിരുന്നല്ലോ ജോൺസൺ. ഇതൊരു സ്നേഹോപഹാരമാണ്. മഴവരുമ്പോൾ, തനിച്ചാവുമ്പോൾ സുഹൃത്തേ നിങ്ങളെന്റെ നിനവിൽ വന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു. ശ്രുതിയായി ഹാർമോണിയം മീട്ടിക്കൊണ്ടുള്ള ആ മൂളൽ. അതുകേട്ട് ഞാൻ നനഞ്ഞ മിഴികളടയ്ക്കുന്നു.
( മാതൃഭൂമി വാരാന്തപ്പതിപ്പ്, 24 ജൂലൈ 2022)
Post Your Comments