വിജയ് സേതുപതിയെയും നിത്യ മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഇന്ദു വി എസ് ഒരുക്കുന്ന ചിത്രമാണ് 19 (1) (എ). ഇന്ദ്രജിത്ത് സുകുമാരൻ, ഇന്ദ്രൻസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് സിനിമ നിർമ്മിക്കുന്നത്. ഇപ്പോളിതാ, ഇന്ദു വി എസിനെ അഭിനന്ദിച്ച് എഴുത്തുകാരി കെ ആർ മീര രംഗത്തെത്തിയിരിക്കുകയാണ്.
സ്ക്രീനിൽ രചന, സംവിധാനം ഇന്ദു വി എസ് എന്ന് വായിച്ചപ്പോൾ മനസ്സു നിറഞ്ഞെന്നും മലയാള സിനിമയിൽ സംവിധാനം എന്നെഴുതിയതിനു താഴെ തെളിയുന്ന ഓരോ സ്ത്രീനാമവും കഠിനാധ്വാനത്തിന്റെയും സഹനശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണെന്നും കെ ആർ മീര പറയുന്നു. ടൈറ്റിലിൽ ഡബ്ല്യൂസിസിക്ക് നന്ദി പ്രകാശിപ്പിച്ചതിന് രാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാൾ ധൈര്യം വേണമെന്നും മീര കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പ്രീമിയർ കണ്ടതിന് ശേഷമാണ് മീര ഇക്കാര്യങ്ങൾ ഫേസ്ബുക്കിൽ കുറിച്ചത്.
Also Read: കൊലപാതക കഥയുമായി ‘ഹൈവേ 2’: സുരേഷ് ഗോപിയോടൊപ്പം പാർവതിയും അനുപമയും
കെ ആർ മീരയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
സ്ക്രീനിൽ രചന, സംവിധാനം ഇന്ദു വി.എസ്. എന്നു വായിച്ചപ്പോൾ മനസ്സു നിറഞ്ഞു.
മലയാള സിനിമയിൽ സംവിധാനം എന്നെഴുതിയതിനു താഴെ തെളിയുന്ന ഓരോ സ്ത്രീനാമവും പ്രതിഭയുടെ മാത്രമല്ല, കഠിനാധ്വാനത്തിന്റെയും അപാരമായ സഹനശക്തിയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമാണ്.
ഈവിധം സ്ത്രീകൾ മലയാള സിനിമയ്ക്കു പുതിയ പരിപ്രേക്ഷ്യം സൃഷ്ടിക്കുന്നതിനു സാക്ഷ്യം വഹിക്കാൻ ഈ ആയുസ്സിൽ അവസരമുണ്ടാകുമെന്നു പ്രതീക്ഷിച്ചതല്ല. അവരുടെ ത്യാഗത്തിനും സഹനത്തിനും വാശിക്കും എത്ര നന്ദി പറഞ്ഞാലും അധികമല്ല.
19 (1) (a) കൃതഹസ്തയായ ഒരു സംവിധായികയുടെ ആദ്യ ചുവടുവയ്പാണ്. പതിഞ്ഞ താളത്തിൽ തുടങ്ങി, ഓർക്കാപ്പുറത്തു നെറ്റിയിൽ തുളച്ചു കയറുന്ന ഒരു വെടിച്ചില്ലിന്റെ അനുഭവത്തിൽ കഥ അവസാനിപ്പിക്കുന്നതിൽ ഇന്ദുവിന്റെ കയ്യടക്കം അഭിനന്ദനം അർഹിക്കുന്നു.
സിനിമയുടെ ടൈറ്റിലിൽ ഡബ്ല്യൂസിസിക്കു നന്ദി പ്രകാശിപ്പിച്ചതായി എന്റെ ശ്രദ്ധയിൽപ്പെടുന്നത് ആദ്യമായാണ്. മലയാളത്തിൽ രാഷ്ട്രീയ സിനിമയെടുക്കുന്നതിനേക്കാൾ ധൈര്യം വേണം, ഇങ്ങനെയൊരു സാഹസത്തിന്.
പ്രീമിയർ കാണാൻ പ്രിയ എ.എസും കൂട്ടിനുണ്ടായിരുന്നു. ചിത്രത്തിൽ പ്രിയയും ഇന്ദു വി.എസും ഞാനും.
Post Your Comments