പിറന്നാൾ സമ്മാനമെന്നോണം മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ച സന്തോഷത്തിലാണ് സൂര്യ. ഇന്ന് 47-ാം ജന്മദിനം ആഘോഷിക്കുന്ന സൂര്യയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ആശംസകളും അഭിനന്ദനങ്ങളും വാരിച്ചൊരിയുകയാണ്. സൂര്യയുടെ വിജയത്തെ ‘മികച്ച ജന്മദിന സമ്മാനം’ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്. സുധ കൊങ്കര സംവിധാനം ചെയ്ത സൂരരൈ പോട്ര് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സൂര്യയെ തേടി പുരസ്കാരം എത്തിയത്. ഡെക്കാൻ എയർലൈൻസ് സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരരൈ പോട്ര്
Also Read: സുരേഷ് ഗോപി നായകനാകുന്ന ‘പാപ്പന്’: ചിത്രത്തിന്റെ ട്രെയിലര് പുറത്ത്
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത നീണ്ട കുറിപ്പിലൂടെയാണ് തന്റെ സന്തോഷം ആരാധകരുമായി സൂര്യ പങ്കുവച്ചത്. സൂരരൈ പോട്രിന് അഞ്ച് അവാർഡുകൾ ലഭിച്ചത് വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്നാണ് സൂര്യ കുറിച്ചത്. ഒടിടി റിലീസായെത്തിയ ചിത്രത്തിന് ലഭിച്ച സ്വീകരണത്തിൽ ഞങ്ങളേവരും ആഹ്ളാദിച്ചിരുന്നുവെന്നും ദേശീയപുരസ്കാരം ലഭിച്ചത് ആ സന്തോഷം ഇരട്ടിയാക്കുന്നുവെന്നും സൂര്യ എഴുതി.
’ക്യാപ്റ്റൻ ഗോപിനാഥിന്റെ കഥ സിനിമയാക്കുന്നതിൽ സുധ കൊങ്കര ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമാണിത്. ഈ സിനിമ നിർമ്മിക്കുന്നതിനും അഭിനയിക്കുന്നതിനും എന്നെ നിർബന്ധിച്ച ജ്യോതികയ്ക്ക് പ്രത്യേകം നന്ദി പറയുന്നു. എന്നെ എപ്പോഴും പിന്തുണച്ച അച്ഛൻ, അമ്മ, കാർത്തി, ബൃന്ദ എന്നിവരോട് എന്റെ സ്നേഹം അറിയിക്കുന്നു. ഈ പുരസ്കാരം ഞാനെന്റെ മക്കളായ ദിയക്കും ദേവിനും കുടുംബത്തിനും സമർപ്പിക്കുന്നു’, സൂര്യ ട്വിറ്ററിൽ കുറിച്ചു.
Post Your Comments