കൊച്ചി: അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദിവാസി കലാകാരി നഞ്ചിയമ്മയെ അഭിനന്ദനം അറിയിച്ച് നടൻ സുരേഷ് ഗോപി. വീഡിയോ കോളിലാണ് സുരേഷ് ഗോപി നഞ്ചിയമ്മയെ അഭിനന്ദനം അറിയിച്ചത്.
ഇന്ന് രാജ്യത്തെ ജനങ്ങൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് നമ്മുടെ പ്രസിഡൻ്റ് ദ്രൗപതി മുർമുവിനെക്കുറിച്ചാണെന്നും അതുകഴിഞ്ഞാൽ രണ്ടാം സ്ഥാനം നഞ്ചിയമ്മയെക്കുറിച്ചാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തരത്തിൽ വലിയൊരു ആദരവ് ഒരിക്കലും നഞ്ചിയമ്മയെ തേടി വരുമെന്ന് താൻ കരുതിയിരുന്നില്ലെന്നും നഞ്ചിയമ്മയെ ഉടൻ കാണാൻ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടന് ദീപേഷ് അന്തരിച്ചു: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
നഞ്ചിയമ്മയോട് പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് സംസാരിക്കാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടു. എന്നാൽ, ഇവിടെ ബി.എസ്.എൻ.എൽ ആണെന്നും മൊബൈൽ റേഞ്ചിന് കുറച്ചു പ്രശ്നമുണ്ടെന്നും നഞ്ചിയമ്മ മറുപടി പറഞ്ഞു. ഇക്കാര്യം ഉടൻ തന്നെ ബി.എസ്.എൻ.എൽ അധികൃതരെ അറിയിക്കാമെന്ന് ഉറപ്പു നൽകിയ സുരേഷ് ഗോപി, തൻ്റെ വീട്ടിൽ വന്നു താമസിക്കുവാൻ നഞ്ചിയമ്മയെ ക്ഷണിക്കുകയും ചെയ്തു.
ദേശീയ അവാർഡ് ലഭിച്ചതിനു ശേഷം തന്നെ സിനിമാ മേഖലയിൽ നിന്നും ആദ്യമായാണ് ഒരാൾ വീഡിയോ കോൾ വിളിക്കുന്നതെന്നും സംവിധായകൻ സച്ചി നേരിട്ടുവന്ന് സംസാരിക്കുന്നതു പോലെയാണ് തനിക്ക് തോന്നുന്നതെന്നും നഞ്ചിയമ്മ പ്രതികരിച്ചു. സുരേഷ് ഗോപി തന്നെ വിളിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും നഞ്ചിയമ്മ വ്യക്തമാക്കി.
Post Your Comments