ഒരു വർഷം കൊണ്ട് എട്ട് സിനിമകൾ നിർമ്മിച്ച് മലയാള ചലച്ചിത്ര രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ് ഡോ.മനോജ് ഗോവിന്ദൻ എന്ന ചലച്ചിത്ര നിർമ്മാതാവ്. ബദൽ സിനിമകളുടെ നിർമ്മാതാവ് എന്നാണ് ചിലർ ഇദ്ദേഹത്തെക്കുറിച്ച് പറയുന്നത്. എന്നാൽ, നല്ല സിനിമകൾ സ്വപ്നം കാണുന്ന ആൾ എന്നു പറയാനാണ് ഡോക്ടർ മനോജ് ഗോവിന്ദന് ഇഷ്ടം. ആരും ആർക്കും ബദലല്ലെമ്മും എല്ലാവർക്കും അവരവരുടേതായ ഒരു സ്പേസ് ഉണ്ടെന്നും അത് നാം കണ്ടെത്തണം എന്നുമാണ് മനോജ് പറയുന്നത്.
നിശ്ചയദാർഢ്യം, കഠിനാദ്ധ്വാനം, നിരന്തരപരിശ്രമം, തീവ്രമായ ആഗ്രഹം എന്നിവയുണ്ടെങ്കിൽ ജീവിതലക്ഷ്യം നേടാമെന്ന് തെളിയിച്ച അപൂർവ്വം ചിലരിൽ ഒരാൾ കൂടിയാണ് തൃശൂർ സ്വദേശിയായ മനോജ്. ചലച്ചിത്ര രംഗത്ത് നൂതനവും വ്യത്യസ്തവുമായ തിരക്കഥകളുടെ സൂക്ഷ്മ തിരഞ്ഞെടുപ്പാണ് നിർമ്മാതാവും നടനുമായ ഇദ്ദേഹത്തിന്റെ കൈമുതൽ. ഉള്ളടക്കത്തിന്റെ ശക്തിയിൽ വിശ്വാസമായാൽ വ്യാഖ്യാനത്തിലാണ് ഊന്നൽ. പരമ്പരാഗത തിരക്കഥാകൃത്തുക്കളോ നടീ നടൻമാരോ സംവിധായകരോ വേണമെന്നില്ല. പ്രമേയത്തിൽ വിശ്വാസം ജനിച്ചാൽ അദ്ദേഹം പ്രൊജക്ടുമായി മുന്നോട്ട് പോകും.സിനിമയുടെ ക്വാളിറ്റിയിൽ വിട്ടുവീഴ്ച ഇല്ല. ഈ ഒരു വർഷത്തിനുള്ളിൽ നിർമ്മിച്ച മൂന്നു സിനിമകൾ തിരക്കഥയെഴുതി സംവിധാനം ചെയ്തത് പ്രശസ്ത സംവിധായകൻ ജയരാജ് ആണ്. വ്യത്യസ്തമായ സിനിമകൾ ആണ് ഓരോന്നും. ഇതിൽ ‘അവൾ’ എന്ന ചിത്രം പ്രദർശനത്തിന് തയ്യാറായിരിക്കുകയാണ്. വേലക്കാരിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. സുരഭിയാണ് നായികയായെത്തുന്നത്. വി സാംബശിവന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയ ഒരുക്കുന്ന ‘കാഥികൻ’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഉണ്ണിമുകുന്ദനും മുകേഷുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. മനോജ് ഗോവിന്ദൻ ആണ് ഇതിലെ ബംഗാളി വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്നത്.
മുല്ലശ്ശേരി രാജാഗോപാലിന്റെ യഥാർത്ഥ ജീവിതാനുഭവങ്ങൾ ആസ്പദമാക്കി ഡയറക്ടർ ജയരാജ് ഒരുക്കിയ ‘മെഹ്ഫിൽ’ എന്ന ചിത്രം അവസാനഘട്ട പണിയിലാണ്. ഉണ്ണി മുകുന്ദൻ, മുകേഷ്, രഞ്ജി പണിക്കർ, മനോജ് കെ ജയൻ, ആശാ ശരത്, മാളവിക, രമേശ് നാരായണൻ, ജി വേണുഗോപാൽ, സിദ്ധാർഥ് മേനോൻ തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഒരു പ്രധാന വേഷത്തിൽ മനോജ് ഗോവിന്ദനും അഭിനയിക്കുന്നു.
പുതുമുഖ സംവിധായകന് തിരക്കഥയെഴുതി സംവിധാനം ചെയ്യാൻ അവസരം കൊടുക്കുകയാണ് ‘അതേഴ്സ്’ എന്ന സിനിമയിലൂടെ. ചലച്ചിത്ര താരവും മോഡലുമായ ശ്രീകാന്ത് ശ്രീധരനാണ് ‘അതേഴ്സ്’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഒരു ട്രാൻസ് ജെൻഡറിന്റെ രാത്രി യാത്രയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രമേയം. തിരക്കഥയും സംഭാഷണവും ശ്രീകാന്തിന്റേതാണ്. പ്രശസ്ത ട്രാൻസ് വുമൺ ആയ റിയ ഇഷയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. കോഴിക്കോട് മുൻ ജില്ലാകളക്ടർ പ്രശാന്തും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഗോപി കുറ്റിക്കോൽ എന്ന സംവിധായകൻ ചെയ്ത ‘നബീക്ക’ എന്ന സിനിമ നിർമ്മിച്ചതും മനോജ് ആണ്. ചിത്രം അവസാനഘട്ട വർക്കിലാണ്. തുളുവിലും മലയാളത്തിലും നിർമ്മിക്കുന്ന ‘ബീര’ എന്ന സിനിമയുടെ രണ്ടാം ഷെഡ്യൂൾ ഉടൻ തുടങ്ങും. ‘നോബഡി’ എന്ന ചിത്രത്തിലൂടെ ഏറ്റവും ഒടുവിൽ സംവിധാന രംഗത്തെക്കും മനോജ് ചുവട്‍വെച്ചിരിക്കുകയാണ്. ഒരു സൈക്കോ കുറ്റാന്വേഷണമാണ് സിനിമയുടെ പ്രമേയം. ബാംഗ്ലൂരിലും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുമായിരുന്നു ചിത്രീകരണം. ലെന, രാഹുൽ മാധവ്, സന്തോഷ് കീഴാറ്റൂർ, കൈലാസ്, സുരേഷ് കൃഷ്ണ, ഇർഷാദ്, അമീർ നിയാസ് തുടങ്ങിയ തെന്നിന്ത്യൻ താരങ്ങൾക്കൊപ്പം ബോളിവുഡ് നായിക അമിക ഷെയിലിന്റെ ഐറ്റം ഡാൻസും ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകതയാണ്. തിയോഫിൻ, അനിൽ വാസുദേവ് എന്നിവരാണ് കോ – ഡയറക്ടർമാർ.
അഭിനയിക്കാനുള്ള മോഹം കൊണ്ടാണ് സിനിമ നിർമ്മിക്കുന്നത് എന്നാണെങ്കിൽ തെറ്റി. തന്നെ ഒരു വേഷത്തിനും കാസ്റ്റ് ചെയ്യരുത് എന്ന് പറഞ്ഞാണ് ചർച്ചകൾ തുടങ്ങുകയെന്നാണ് മനോജ് ഗോവിന്ദൻ പറയുന്നു. തന്നെ കാസ്റ്റ് ചെയ്താൽ നിങ്ങളുടെ സിനിമ സങ്കൽപ്പം തെറ്റിപോകും എന്ന് പറയാനുള്ള ജ്ഞാനമുണ്ട് ഈ നിർമ്മാതാവിന്. എന്നാൽ, മിക്ക സംവിധായകരും ഇദ്ദേഹത്തെ തങ്ങളുടെ സിനിമകളിൽ അഭിനയിപ്പിച്ചു. എട്ട് സിനിമകളിലും ചെറുതും വലുതുമായി വ്യത്യസ്ത വേഷങ്ങൾ, സംവിധായകരുടെ തൃപ്തിയടയുവോളം ചെയ്തു. കഥാപാത്ര വിജയത്തിന് വേണ്ടി ഏത് പീഡനവും മനോജേ സഹിക്കും. ബീരയിൽ യക്ഷഗാനവും കൊറ ഗജ്ജൻ തെയ്യവും കഠിനമായി പരിശീലിച്ച് ചെയ്തത് കണ്ടാൽ ആരും നമിച്ചുപോകും. ആറു മാസത്തെ പരിശീലനം കൊണ്ട് ചെയ്യുന്ന യക്ഷ ഗാനം വെറും രണ്ടു മണിക്കൂർ കൊണ്ടാണ് മനോജ് പഠിച്ചെടുത്തത്.
ഈ കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും നാൾവഴികൾ നടന്നു തീർത്തതാണ് മനോജിന്റെ ബാല്യവും കൗമാരവും. പഠിക്കുമ്പോൾ നാടകങ്ങളിൽ പ്രധാനപ്പെട്ട വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. യൂനിവേഴ്സിറ്റി കലോത്സവങ്ങളിൽ അംഗീകരിക്കപ്പെട്ട നടനായിട്ടുണ്ട്. സിനിമാ മോഹവുമായി പല സംവിധായകരുടെ വീട്ടുപടിക്കൽ ഒരു ചാൻസിനായി കയറിയിറങ്ങിയിട്ടുണ്ട്. എന്നാൽ, അവഗണനായിരുന്നു അന്തിമ ഫലം. ഒടുവിൽ സർക്കാർ സർവീസിൽ എഞ്ചിനിയറായി ജോലിയിൽ കയറി. പ്രത്യേക ഘട്ടത്തിൽ ലീവെടുത്ത് വിദേശത്തേക്ക് പോയി. അവിടെ ദുബായ് ഹോൾഡിങ് എന്ന സ്ഥാപനത്തിൽ സീനിയർ മാനേജറായി ജോലി ചെയ്തു. പ്രവാസത്തിനിടയിലും സിനിമ മനസ്സിൽ ഉണ്ടായിരുന്നു. അടങ്ങാത്ത വികാരമായി അതു തുടിച്ചു. ഒടുവിൽ കഴിഞ്ഞ ജൂലൈ മുതൽ ഇതുവരെയായി എട്ട് ചിത്രങ്ങൾ നിർമ്മിച്ചു. അതേ സമയം ഒരൊറ്റ സെറ്റിലും ഒരു നിർമ്മാതാവിന്റെ തലയെടുപ്പോ ഗർവ്വോ ഇദ്ദേഹത്തിൽ കാണില്ല. ഇങ്ങിനെയൊരാൾ ഉണ്ടോ എന്ന് പോലും അറിയില്ല. പ്രൊഡ്യൂസർ എന്ന ഭാവമില്ലാതെ പ്രൊഡക്ഷൻ ബോയിയുടെ ജോലിയും ഇദ്ദേഹം ചെയ്യും.
ഇപ്പോൾ ഒട്ടേറെ സംവിധായകരും പുതുമുഖ സംവിധായകരും തിരക്കഥാകൃത്തുക്കളും ഇദ്ദേഹത്തിന്റെ പിറകെയാണ്. തനിക്ക് അവസരം കിട്ടാതെ വന്ന കൗമാര യൗവ്വന നാളുകൾ ഓർക്കുന്നതുകൊണ്ടും ആ കഷ്ടപ്പാടുകൾ അറിയുന്നതും കൊണ്ടുമാകണം, കഴിവുണ്ടെങ്കിൽ ഏത് പുതുമുഖ നടീ നടൻമാരുമായാലും അഭിനയിപ്പിച്ചോളു എന്ന് സംവിധായകരോട് ഇദ്ദേഹം പറയുന്നത്. അഭിനയിക്കാൻ മാത്രമല്ല കല, കോറിയോഗ്രഫി, കോസ്റ്റ്യൂസ്, മേക്കപ്പ്, ഛായാഗ്രഹണം, തിരക്കഥ, സംവിധാനം എല്ലാറ്റിനും അദ്ദേഹം പുതിയവരെ പരീക്ഷിക്കും.’നമുക്ക് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യാം. നമ്മളിലൂടെ ഒരാൾ രക്ഷപ്പെട്ട് പോകുന്നുണ്ടെങ്കിൽ പോയ്ക്കോട്ടെ’ എന്നാണ് മനോജ് എപ്പോഴും പറയുക.
Also Read: ചെയ്യാത്ത ജോലിക്ക് അംഗീകാരം കിട്ടിയത് പോലെയായി പുരസ്കാരം: ജോബിൻ ജയൻ
സിനിമയോടൊപ്പം നല്ലൊരു കുടുംബ ജീവിതവുമായിട്ടാണ് ഡോ.മനോജ് ഗോവിന്ദൻ മുന്നോട്ട് പോകുന്നത്. മനോജിന്റെ ഭാര്യ രേഖ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ഉദ്യോഗസ്ഥയാണ്. അച്ഛൻ ഗോവിന്ദൻ, അമ്മ ശാന്ത. മകൾ സംയുക്ത ദുബായിൽ ആർക്കിടെക്റ്റാണ്. മകൻ യശ്വന്ത് മനോജ് പ്ലസ് ടു വിദ്യാർത്ഥിയാണ്. പിആർഒ – അയ്മനം സാജൻ.
Post Your Comments