കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച ഗായികക്കുള്ള പുരസ്കാരം നഞ്ചിയമ്മയ്ക്ക് നല്‍കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഗീതജ്ഞന് ലിനുലാല്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്നും ലിനുലാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പിച്ച് ഇട്ടു കൊടുത്താല്‍ അതിന് അനുസരിച്ച് പാടാൻ കഴിയാത്ത ഒരാള്‍ക്കാണോ പുരസ്കാരം കൊടുക്കേണ്ടതെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനുലാല്‍ ചോദിക്കുന്നു.
ലിനുലാലിന്റെ വാക്കുകൾ ഇങ്ങനെ;
ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. അവരെ എനിക്ക് അധികം ഇഷ്ടമാണ്. ആ ഫോക് സോങ് അവര്‍ നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടു കൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്കാരം കൊടുക്കേണ്ടത്.
നടന് ദീപേഷ് അന്തരിച്ചു: ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു
മൂന്നും നാലും വയസുമുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവയ്ക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തു പോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍. അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള് നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍.
പുതിയൊരു സോങ് കംബോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ല. ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും സാധാരണ ഒരു ഗാനം പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്. അതുപോലെ ചിത്ര ചേച്ചി. മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. അവരുടേ പേരെടുത്ത് ഞാന്‍ പറഞ്ഞത് അവര്‍ക്ക് അവാര്‍ഡ് കൊടുക്കണമെന്നല്ല പറയുന്നത്.
സംഗീതത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചവര്‍ക്ക് ഇങ്ങനെയൊരു കാര്യം കേള്‍ക്കുമ്പോള്‍ അപമാനമായി തോന്നില്ലേ എന്ന് എനിക്ക് തോന്നി. അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്പെഷ്യല്‍ ജൂറി പുരസ്കാരം നല്‍കാമായിരുന്നു. മികച്ച ഗായികയ്ക്കുള്ളത് നല്ലൊരു ഗായികയ്ക്കു തന്നെ കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം. എന്നെ വിമര്‍ശിക്കാം. ഇതെന്റെ അഭിപ്രായം മാത്രമാണ്.
Post Your Comments