കൊച്ചി: രാജമൗലി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരെ ലഭിച്ച താരമാണ് കിച്ച സുദീപ്. ഈച്ചയിലും ബാഹുബലിയിലും ഒക്കെ വലുതും ചെറുതുമായ വേഷങ്ങൾ കൈകാര്യം ചെയ്ത കിച്ച സുദീപ് നായക വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രാന്ത് റോണ. പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാളം ഉൾപ്പടെ പല ഭാഷയിൽ പുറത്ത് വരും.
ഹോളിവുഡ് നിലവാരത്തോടു കിട പിടിക്കുന്ന ഇന്ത്യൻ ചിത്രമായി ജൂലൈ 28 ന് ലോകമെമ്പാടും 6000 സ്ക്രീനുകളിൽ വിക്രാന്ത് റോണ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ട്രെയ്ലറിനും പാട്ടുകൾക്കും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ഇതിനോടകം തന്നെ 104 മില്യൺ കാഴ്ചക്കാരാണ് ചിത്രത്തിന്റെ പ്രൊമോഷൻ കണ്ടെന്റുകൾ കണ്ടത്.
ഫാന്റസി ആക്ഷൻ ചിത്രമായ വിക്രാന്ത് റോണ സംവിധാനം ചെയ്യുന്നത് അനൂപ് ഭണ്ഡാരിയാണ്. ശാലിനി ജാക്ക് മഞ്ജു, അലങ്കാർ പാണ്ഢ്യൻ എന്നിവർക്കൊപ്പം സുദീപിന്റെ കിച്ച ക്രിയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് ക്യാമറയ്ക്ക് പിന്നിൽ, ബി. അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകൻ
ജൂലൈ 28ന് ചിത്രം കേരളത്തിൽ റിലീസിനെ ത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസാണ്. കേരളത്തിലെ മുൻനിര ഡിസ്ട്രിബ്യൂഷൻ കമ്പനികളിൽ ഒന്നായ വേഫറെർ വിക്രാന്ത് റോണക്കായി വലിയൊരു റീലീസ് ആണ് പ്ലാൻ ചെയ്യുന്നത്. ദുൽഖർ ആദ്യമായി പ്രദർശനത്തിനെത്തിക്കുന്ന അന്യഭാഷാ പാൻ ഇന്ത്യാ ചിത്രം എന്ന നിലയിലും ചിത്രത്തിന്റെ പ്രതീക്ഷകൾ ഏറെയാണ്. വോക്സ് കോമും ഫിഫ് സ്റ്റുഡിയോസും ചേർന്നാണ് ചിത്രത്തിന്റെ മാർക്കറ്റിംഗ്. ആസ്വാദനത്തിന്റെ 3ഡി മികവിൽ വിക്രാന്ത് റോണയെന്ന ദൃശ്യ വിസ്മയം സ്ക്രീനിൽ എത്താൻ ഒരാഴ്ച മാത്രം ബാക്കി.
Post Your Comments