സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ജയ് ഭീം, സൂരറൈ പോട്ര് എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയായിരുന്നു നേരത്തെ രണ്ട് ചിത്രങ്ങളും റിലീസായത്. ആമസോണ്‍ പ്രൈമിലൂടെയായിരുന്നു രണ്ട് ചിത്രങ്ങളും സ്ട്രീം ചെയ്തിരുന്നത്. ഇരുസിനിമകളും മികച്ച അഭിപ്രായം നേടിയിരുന്നു. സൂര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് സിനിമകള്‍ തിയേറ്ററുകളില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ രണ്ട് സിനിമകളും ജൂലായ് 22 മുതല്‍ ജൂലൈ 24 വരെ ചെന്നൈയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ജൂലൈ 23നാണ് സൂര്യയുടെ പിറന്നാള്‍. സൂര്യയുടെ ആരാധകര്‍ സിനിമകള്‍ തിയേറ്ററുകളില്‍ ആഘോഷിക്കണമെന്നാണ് റിലീസിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ പറയുന്നത്.
Also Read: തെലുങ്ക് ചിത്രത്തിൽ നിന്ന് കാര്‍ത്തിക് ശങ്കര്‍ പുറത്ത്: ശ്രീധർ ഗാഥെ സംവിധായകനെന്ന് റിപ്പോർട്ട്
എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രമാണ് സൂരറൈ പോട്ര്. സുധ കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്തത്. മലയാളിയായ അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. പ്രേക്ഷക പ്രീതിയും നിരുപക ശ്രദ്ധയും ഒരുപോലെ സ്വന്തമാക്കിയ ജയ് ഭീം അടിസ്ഥാന വര്‍ഗത്തിന്‍റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥയാണ് പറയുന്നത്. ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെടുന്ന രാജാകണ്ണിന്റെ കുടുംബം നീതിക്ക് വേണ്ടി നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. 1993ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.
Post Your Comments