‘മഹാവീര്യർ’ ഐഎംഡിബി പട്ടികയില്‍ ഒന്നാമത്: പിന്നിലാക്കിയത് ബോളിവുഡ് സിനിമകളെ

നിവിൻ പോളിയെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രമാണ് മഹാവീര്യർ. ടൈം ട്രാവലും ഫാന്റസിയും കടന്നുവരുന്ന ചിത്രം ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസായ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റാണിത്.

ആമിർ ഖാൻ ചിത്രം ലാൽ സിംഗ് ഛദ്ദ, അക്ഷയ് കുമാർ ചിത്രം രക്ഷാ ബന്ധൻ, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര, തമിഴ് ചിത്രം കോബ്ര എന്നിവയെ പിന്നിലാക്കിയാണ് മഹാവീര്യർ ഈ നേട്ടം കൈവരിച്ചത്. നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. നേരത്തെ, ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നതും എബ്രിഡ് ഷൈൻ തന്നെയാണ്. പോളി ജൂനിയർ പിക്ചേഴ്സ്‌, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പിഎസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈ 21ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Read Also:- ‘ജയ് ഭീം’ കേസ്: സൂര്യയ്ക്കും സംവിധായകനുമെതിരെ കടുത്ത നടപടി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി

ആക്ഷന്‍ ഹീറോ ബിജു, 1983 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Share
Leave a Comment