ബോളിവുഡ്, ഗസൽ ഗാനങ്ങളിലൂടെ വിഖ്യാതനായിത്തീർന്ന ഭൂപീന്ദർ സിംഗ് (82) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഗായകന് വൻകുടലിൽ കാൻസർ ബാധിച്ചിരുന്നതായും, ഒരാഴ്ച മുൻപ് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാര്യ മിതാലി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: കുറഞ്ഞ ചെലവിൽ നൃത്തം പഠിപ്പിക്കാൻ മൊബൈല്‍ ആപ്പുമായി ആശാ ശരത്ത്
അമൃത്സറിൽ ജനിച്ച ഭൂപീന്ദർ പിതാവിൽ നിന്നാണ് സംഗീത പഠനം ആരംഭിച്ചത്. ആകാശവാണിയിലൂടെ ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ഡൽഹി ദൂരദർശൻ കേന്ദ്രവുമായി ചേർന്നും പ്രവർത്തിച്ചു. സംഗീത സംവിധായകൻ മദൻ മോഹമായിരുന്നു സിനിമയിൽ അദ്ദേഹത്തിന്റെ ഗുരു. 1962ൽ ഒരു പാർട്ടിയിൽ ഗിറ്റാർ വായിക്കുകയായിരുന്ന ഭൂപീന്ദറിനെ മുംബൈയിലേക്ക് ക്ഷണിച്ചത് അദ്ദേഹമായിരുന്നു. തുടർന്ന് ബോളിവുഡിൽ ഗായകനും സംഗീത സംവിധായകനുമായി.
ദുനിയ ഛൂട്ടേ യാർ ന ഛൂട്ടേ (ധരം കാന്ത), ലതാ മങ്കേഷ്കറുമായിച്ചേർന്നു പാടിയ ഥോഡി സി സമീൻ ഥോഡ ആസ്മാൻ (സിതാര), ദിൽ ദൂംഡ്താ ഹേ (മൗസം), നാം ഗം ജായേഗ (കിനാര) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങൾ.
ബംഗ്ലദേശി വേരുകളുള്ള പ്രശസ്ത ഗായിക മിതാലി സിംഗാണ് ഭാര്യ. മകൻ നിഹാൽ സിംഗും സംഗീതജ്ഞനാണ്.
Post Your Comments