നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ഒരു ഫാന്റസി ലോകത്ത് നടക്കുന്ന കഥയില്‍ വാസ്‌കോഡ ഗാമയുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ത്രീ ഡിയില്‍ ഒരുങ്ങുന്ന സിനിമയില്‍ ഗ്രാവിറ്റി ഇല്യൂഷന്‍ എന്ന സാങ്കേതിക വിദ്യയും ഉപയോഗിച്ചിട്ടുണ്ട്.
ഇപ്പോളിതാ, ചിത്രത്തിന്റെ പുതിയ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ സംവിധാന മികവാണ് വീഡിയോയിൽ എടുത്ത് കാണിക്കുന്നത്. മോഹൻലാൽ രംഗങ്ങൾ ചിത്രീകരിക്കുന്നതിന് വേണ്ടി നിർദേശം നൽകുന്നതാണ് വീഡിയോയിലുള്ളത്. സംവിധായകൻ ടി കെ രാജീവ് കുമാർ, സന്തോഷ് ശിവൻ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവരും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
Also Read: ചട്ടമ്പിയായി ശ്രീനാഥ് ഭാസി: തരംഗമായി പുതിയ പാട്ട്
മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ആദ്യ ഇന്ത്യൻ ത്രീ ഡി ചിത്രത്തിന്റെ സംവിധായകാനായ ജിജോയുടെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണിത്. സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്ന് ഉറപ്പുള്ളയാള്‍ക്ക് മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരു ദിവസം ഗാമയുടെ പിൻഗാമിയാണെന്ന് പറഞ്ഞ് ഒരു കുട്ടി വരുന്നതോടെയാണ് ബറോസിന്റെ കഥ തുടങ്ങുന്നത്.
Post Your Comments