നീലച്ചിത്ര നടിയായിരുന്ന ബോളിവുഡ് താരം സണ്ണി ലിയോണിനെ പോലുള്ളവർക്ക് ലഭിക്കുന്ന അംഗീകാരം ലൈംഗിക തൊഴിൽ ചെയ്യുന്നവർക്ക് ലഭിക്കാറില്ലെന്ന് ട്രാൻസ്‌ജെൻഡർ ആക്റ്റിവിസ്റ്റ് ശീതൾ ശ്യാം. സണ്ണി ലിയോണിനെ ആരാധിക്കുന്നവർ ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുന്നില്ലെന്നും ശീതൾ പറഞ്ഞു. ലൈംഗിക തൊഴിലിനെ അംഗീകരിക്കാൻ മടിക്കുന്നവർ തന്നെയാണ് ഇത്തരക്കാരെ തേടിയെത്തുന്നതെന്നും ശീതൾ തുറന്നടിച്ചു.
സ്ത്രീ എന്നതിന് ലെസ്ബിയൻ വുമൺ, ബൈ സെക്ഷ്വൽ, ട്രാൻസ് വുമൺ, ട്രാൻസ് സെക്ഷ്വൽ വുമൺ തുടങ്ങി പല സ്വത്വങ്ങളുണ്ടെന്നിരിക്കെ, ലിംഗാടിസ്ഥാനത്തിൽ മാത്രമാണ് സ്ത്രീയെ അംഗീകരിക്കുന്നതെന്ന് ശീതൾ ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശീതൾ.
‘വിദ്യാസമ്പന്നരായ ട്രാൻസ്‌ജെൻഡർ സ്ത്രീകൾക്ക് അവർ പഠിച്ച മേഖലയിൽ ജോലി ചെയ്യാനാകുന്നില്ല. ട്രാൻസ്‌ജെൻഡറുകളെ ജോലിക്ക് എടുക്കാൻ കഴിയില്ലെന്ന പഴഞ്ചൻ ചിന്ത ഇപ്പോഴും സമൂഹം വെച്ച് പുലർത്തുന്നു. സ്ത്രീകളുടെ മാത്രം ചലച്ചിത്രോത്സവം നടത്തേണ്ടി വരുന്നത് സമൂഹത്തിൽ വിവേചനം നിലനിൽക്കുന്നതിനാലാണ്. കുട്ടികളെ ശരീരത്തെകുറിച്ചും അവകാശങ്ങളെ കുറിച്ചും സ്‌കൂൾതലം തൊട്ടേ പഠിപ്പിക്കണം. എൺപതുകളിൽ ഫെമിനിസമായിരുന്നെങ്കിൽ ഇപ്പോൾ ജെൻഡർ ഇക്വാളിറ്റിയാണ് വിഷയം’, ശീതൾ പറഞ്ഞു.
Post Your Comments