ഫഹദ് ഫാസിൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. ചിത്രം ജൂലൈ 22ന് തിയേറ്ററുകളിലെത്തും. ഇപ്പോളിതാ, ചിത്രത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ഫഹദ് ഫാസിൽ മലയാളികൾക്ക് എന്നും ഒരു പ്രതീക്ഷയാണെന്നും മലയൻകുഞ്ഞ് കാണാൻ കാത്തിരിക്കുന്നതും അത് കൊണ്ടാണെന്നും സത്യൻ അന്തിക്കാട് സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ഫാസിൽ മലയാളികൾക്ക് എന്നും ഒരു പ്രതീക്ഷയാണ്. എന്തെങ്കിലും പുതുമയുമായേ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലേക്കെത്താറുള്ളൂ. മലയൻകുഞ്ഞ് കാണാൻ കാത്തിരിക്കുന്നതും അത് കൊണ്ടാണ്. കൂടെ, ഫഹദ് ഫാസിലെന്ന പ്രതിഭയെ ഒരിടവേളക്ക് ശേഷം ബിഗ് സ്ക്രീനിൽ കാണാനാകുന്നു എന്ന സന്തോഷവും. സജിമോൻ എന്ന പുതിയ സംവിധായകന് എന്റെ ആശംസകളും സ്നേഹവും. മലയൻകുഞ്ഞ് മനസ്സ് നിറക്കുന്ന ഒരു അനുഭവമായി മാറട്ടെ’ സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.
നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ് നിർവ്വഹിക്കുന്നത്. ഫാസിലാണ് നിർമ്മാണം. ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് എ ആർ റഹ്മാനാണ്. യോദ്ധ എന്ന ചിത്രത്തിന് ശേഷം മലയാളത്തിൽ ആദ്യമായാണ് എ ആർ റഹ്മാൻ സംഗീതം പകരുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഒരു സർവൈവൽ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
Read Also:- ഞങ്ങള് ചെറിയൊരു പാട്ട് ചെയ്യാന് തീരുമാനിച്ചെന്ന് ഗോപി സുന്ദർ: സംഗതി കോപ്പിയടിയാണെന്ന് ആരാധകർ
രജിഷ വിജയൻ നായികയാവുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ദീപക് പറമ്പോൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ റിലീസ് ചെയ്ത സിനിമയുടെ ട്രെയിലർ ഏറെ ശ്രദ്ധനേടിയിരുന്നു. അതേസമയം, രണ്ടര വർഷത്തിന് ശേഷമാണ് ഫഹദ് ഫാസിൽ നായകനാകുന്ന മലയാള ചിത്രം തിയേറ്ററിലെത്തുന്നത്. ട്രാൻസാണ് അവസാനമായി തിയേറ്ററിലെത്തിയ ഫഹദ് ചിത്രം.
Post Your Comments