മലയാളത്തില്‍ മധ്യവര്‍ത്തി സിനിമകളുടെ വക്താവായി കടന്നു വന്ന നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ വിടവാങ്ങി. നെടുമുടി വേണുവിനൊപ്പം ആരവത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രതാപ് പോത്തന്‍, ചെല്ലപ്പനാശാരിയുടെ (നെടുമുടി വേണു) വാക്കുകളില്‍ വഴി തെറ്റിയ തകര മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഇടം നേടി.
വിനോദ് എന്ന കോളേജ് വിദ്യാര്‍ത്ഥി തന്റെ ചെറുപ്പക്കാരി അദ്ധ്യാപികയായ ഇന്ദുവുമായി പ്രണയത്തിലാകുന്ന ചാമരം, ലോറി, നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു, അഴിയാത കോലങ്ങള്‍, മധുമലര്‍, കാതല്‍ കഥൈ, നവംബറിന്റെ നഷ്ടം, ഒന്നുമുതല്‍ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയവയടക്കം നിരവധി ചിത്രങ്ങൾ. മോഹന്‍ലാല്‍ സംവിധാനം ചെയ്ത ബറോസിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.
തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് 79-80 വര്‍ഷങ്ങളില്‍ മികച്ച മലയാള നടനുള്ള ഫിലിം ഫെയര്‍ പുരസ്‌ക്കാരം ലഭിച്ചു. 1987 വരെ നിരവധി മലയാള ചിത്രങ്ങളില്‍ നായകനായും ഉപനായകനായും സ്വഭാവ നടനായുമെല്ലാം നിറഞ്ഞു നിന്ന ഇദ്ദേഹം കുറച്ചുകാലം സിനിമയില്‍ നിന്നും മാറി ബിസിനസ്സ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. ഗ്രീന്‍ ആപ്പിള്‍ എന്ന സ്വന്തം പരസ്യ കമ്പനിയുടെ ഭാഗമായി നിന്നുകൊണ്ട്, എം ആര്‍ എഫ്, നിപ്പോ തുടങ്ങിയ കമ്പനികള്‍ക്ക് വേണ്ടി സച്ചിന്‍തെണ്ടുല്‍ക്കര്‍ ഉള്‍പ്പടെയുള്ളവരുടെ പരസ്യ സംവിധായകനായി.
പ്രതാപ് പോത്തന്‍ സംവിധായക കുപ്പായം ആദ്യം അണിയുന്നത് തമിഴിലിലാണ്. 1985- ല്‍ മീണ്ടും ഒരു കാതല്‍ കഥൈ എന്ന സിനിമ ഒരുക്കിയ പ്രതാപ് പോത്തൻ 1987- ല്‍ ഋതുഭേദം എന്ന സിനിമ മലയാളത്തില്‍ സംവിധാനം ചെയ്തു. മീണ്ടും ഒരു കാതൽ കഥൈ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകന്റെ മികച്ച ചിത്രത്തിനുള്ള ആദ്യത്തെ ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം പ്രതാപിന്റെ തൊപ്പിയിൽ പൊൻതൂവലായെത്തി. 1988- ല്‍ പ്രതാപ് പോത്തന്‍ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് സംവിധാനം ചെയ്ത ഡെയ്സി മലയാളത്തിൽ സൂപ്പര്‍ഹിറ്റായി. 1997-ല്‍ മോഹന്‍ലാലിനെയും ശിവാജിഗണേശനെയും നായകന്മാരാക്കി ഒരുക്കിയ ഒരു യാത്രാമൊഴിയാണ് സംവിധാനം ചെയ്ത അവസാന ചിത്രം.
ഒരു ഇടവേളയ്ക്കുശേഷം, 2005- ല്‍ തന്മാത്രയിലൂടെ തന്റെ രണ്ടാം വരവ് ആഘോഷമാക്കിയ പ്രതാപ് പോത്തൻ 2012- ല്‍ മികച്ച വില്ലന്‍ നടനുള്ള സിമ്മ അവാര്‍ഡ് 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെ സ്വന്തമാക്കി.
വിവാദങ്ങൾ വിടാതെ പിന്തുടർന്നിരുന്നയാളായിരുന്നു പ്രതാപ് പോത്തൻ. രണ്ടാം വരവിന്റെ സമയത്ത് നടൻ ജയറാം, സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോൻ എന്നിവരുമായി സിനിമയുടെ പേരിൽ കലഹിക്കുകയും വിവാദങ്ങളിൽ പെടുകയും ചെയ്തിരുന്നു.
ജയറാമിന്റെ മകൻ കാളിദാസനെ താൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിപ്പിക്കാനായി പ്രതാപ് പോത്തൻ സമീപിച്ചതാണ് വിവാദങ്ങൾക്ക് തുടക്കം. ചിത്രത്തിൽ അഭിനയിക്കാൻ കാളിദാസനു താൽപര്യമില്ലെന്നു ജയറാം അറിയിച്ചതിനെത്തുടർന്നായിരുന്നു ജയറാമിനെതിരെ പ്രതാപ് പോത്തൻ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. പോസ്റ്റ് വിവാദമായതോടെ ജയറാം അനാവശ്യമായി തനിക്കെതിരെ പോസ്റ്റ് ഇട്ട പ്രതാപ് പോത്തനെതിരെ സംഘടനാതലത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി താരസംഘടനയായ ‘അമ്മ’യിൽ പരാതി നൽകി. പ്രശ്നം പരിഹരിക്കാൻ ‘അമ്മ’ നടൻ നെടുമുടി വേണുവിനെ ചുമതലപ്പെടുത്തി. .
രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയ്ക്കു ശേഷം സംവിധാനത്തിലേക്ക് മടങ്ങി വരാനുള്ള തീരുമാനം പ്രതാപ് പോത്തൻ പ്രഖ്യാപിച്ചിരുന്നു. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലൂടെ ജനപ്രിയ സംവിധായിക ആയി മാറിയ അഞ്ജലി മേനോന്റെ തിരക്കഥയിൽ ദുൽഖർ സൽമാൻ നായകനാകുമെന്നായിരുന്നു ആദ്യ വാർത്തകൾ. എന്നാൽ, താൻ ആഗ്രഹിച്ച പോലൊരു ഒരു തിരക്കഥയല്ല അല്ലാത്തതിനാൽ പിൻമാറുന്നുവെന്നു പ്രതാപ് പോത്തൻ പ്രഖ്യാപനം നടത്തിയത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു.
Post Your Comments