
തമിഴിൽ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമായ നടനാണ് കാളിദാസ് ജയറാം. അടു വിക്രം എന്ന ചിത്രത്തിൽ കമൽ ഹാസന്റെ മകനായെത്തിയ കാളിദാസ് മികച്ച പ്രകടനമാണ് നടത്തിയത്. പാ രഞ്ജിത്തിന്റെ നച്ചത്തിരം നഗർഗിരത്ത് എന്ന പുതിയ സിനിമയിലും പ്രധാന വേഷത്തിൽ കാളിദാസ് എത്തുന്നുണ്ട്. ഇപ്പോളിതാ, കാളിദാസിന് ആശംസകളുമായി എത്തിയിരിക്കുകയാണ് അച്ഛൻ ജയറാം. ‘കണ്ണാ….നല്ല സിനിമയുടെ ഭാഗമാവാൻ പറ്റുന്നതാണ് കരിയറിലെ ഭാഗ്യം. എല്ലാ ആശംസകളും’, ജയറാം സമൂഹ മാധ്യമത്തിൽ കുറിച്ചു. ചിത്രത്തിൽ കാളിദാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററും ജയറാം പങ്കുവച്ചിട്ടുണ്ട്.
ഇനിയൻ എന്ന കഥാപാത്രത്തെയാണ് കാളിദാസ് സിനിമയിൽ അവതരിപ്പിക്കുന്നത്. ദുഷാര വിജയൻ ആണ് സിനിമയിലെ നായിക. ദുഷാരയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കും സിനിമ മുന്നോട്ടു പോകുന്നത്. തെൻമയാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. നീലം പ്രൊഡക്ഷൻസിനൊപ്പം യാഴി ഫിലിംസും ചേർന്നാണ് നിർമ്മാണം.
ഹരികൃഷ്‍ണൻ, കലൈയരസൻ, വിനോദ്, ഷബീർ കല്ലറക്കൽ, റെജിൻ റോസ്, ദാമു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് വളരെ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ചിത്രം ഉടൻ തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Post Your Comments