നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകൻ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. സലാം കാശ്‍മീർ എന്ന ചിത്രത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പാപ്പനിൽ ‘എബ്രഹാം മാത്യൂസ് പാപ്പൻ ഐപിഎസ്’ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രമാണിത്. ക്രൈം ത്രില്ലർ വിഭാഗത്തിലാണ് സിനിമ ഒരുങ്ങുന്നത്. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Also Read: അനൂപ് മേനോനും സുരഭി ലക്ഷ്മിയും ഒന്നിക്കുന്ന പത്മ: ട്രെയ്‍ലർ എത്തി
ഇപ്പോളിതാ, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജൂലൈ 29ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. സുരേഷ് ഗോപി തന്നെയാണ് റിലീസ് തിയതി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർ ജെ ഷാൻ ആണ്.
ജോഷിക്കൊപ്പം ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയുമുണ്ട് ചിത്രത്തിൽ. അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ഗോകുൽ സുരേഷും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
Post Your Comments