സംഗീതജ്ഞനും പ്രശസ്ത സംഗീതാധ്യാപകനുമായ ലെസ്‌ലി പീറ്റർ അന്തരിച്ചു. 81 വയസായിരുന്നു. ചലച്ചിത്ര, നാടക രംഗത്തെ ആദ്യകാല പിന്നണി സംഗീതകാരനായിരുന്നു. സംഗീത സംവിധായകനും കീബോർഡിസ്റ്റുമായ സ്റ്റീഫൻ ദേവസി, ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ്ജ് എന്നിവരുടെ ഗുരുവാണ്. നാടകങ്ങളിലൂടെയാണ് ലെസ്‌ലി പീറ്ററിന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. ആദ്യകാല നാടകങ്ങളിൽ വയലിനിസ്റ്റായിട്ടായിരുന്നു തുടക്കം. പിന്നീട് സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചു. സംഗീതജ്ഞൻ എന്നതിനേക്കാൾ സംഗീതാധ്യാപകൻ എന്ന നിലയിലായിരുന്നു ലെസ്‌ലി പീറ്റർ അറിയപ്പെട്ടിരുന്നത്. ആയിരക്കണക്കിന് കുട്ടികളെ വയലിനും ഗിത്താറും ഓർഗനുമെല്ലാം അഭ്യസിപ്പിച്ചിട്ടുണ്ട്.
ബാലൻ കെ നായരും കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയും വേഷമിട്ട ദേശപോഷിണി നാടകങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗായകൻ ഉണ്ണി മേനോനൊപ്പം വിദേശരാജ്യങ്ങളിൽ ഗാനമേളകളിൽ പങ്കെടുത്തിരുന്നു. കേരള സംഗീതനാടക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
സംസ്കാരം ഇന്നു വൈകിട്ട് നാലിന് ഷൊർണൂർ സിഎസ്ഐ പ്രോ കത്തീഡ്രലിൽ നടക്കും. ആനി പീറ്റർ ആണ് ഭാര്യ. ലാനി, ലീന ലിൻസി എന്നിവരാണ് മക്കൾ.
Post Your Comments