1979ൽ ജി അരവിന്ദന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കുമ്മാട്ടി എന്ന ചിത്രം ഉറപ്പായും കണ്ടിരിക്കേണ്ട സിനിമയാണെന്ന് പ്രശസ്ത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്‌കോസെസി. അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്നും ഇമ്പമാർന്നതും ഹൃദയഹാരിയുമായ ചിത്രമെന്നും സ്‌കോസെസി ചിത്രത്തെ വിശേഷിപ്പിച്ചു. ഇൻസ്റ്റഗ്രാമിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്‌കോസെസിയുടെ നേതൃത്വത്തിലുള്ള ഫിലിം ഫൗണ്ടേഷന്റെ റിസ്റ്റോറേഷൻ സ്‌ക്രീനിംഗ് റൂമിൽ ചിത്രം പ്രദർശിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലായിരുന്നു അദ്ദേഹം ചിത്രത്തെ പ്രശംസിച്ചത്.
സ്‌കോസെസിയുടെ ഫിലിം ഫൗണ്ടേഷൻ, ഇറ്റലിയിലെ ബൊലോഗ്ന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ഈ ചിത്രത്തിന്റെ നവീകരിച്ച 4കെ പതിപ്പ് തയ്യാറാക്കിയിരുന്നു. ഇതിന്റെ പ്രദർശനം അറിയിച്ചുകൊണ്ടായിരുന്നു സംവിധായകൻ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചത്. 4കെ പതിപ്പിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം 2022ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ നടന്നിരുന്നു.
Also Read: ജയസൂര്യയുടെ ഈശോ ഒടിടിയിൽ: നമിതയുടെ ക്യാരക്ടർ പോസ്റ്റർ എത്തി
കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അരവിന്ദൻ സംവിധാനം ചെയ്ത സിനിമയാണ് കുമ്മാട്ടി. അമ്പലപ്പുഴ രാവുണ്ണി, അശോക് ഉണ്ണികൃഷ്ണൻ, കൊട്ടറ ഗോപാലകൃഷ്ണൻ നായർ, കുട്ട്യേടത്തി വിലാസിനി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കാവാലം നാരായണപ്പണിക്കരാണ് ചിത്രത്തിന് വേണ്ടി കഥയും ഗാനങ്ങളും ഒരുക്കിയത്.
Post Your Comments