മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ലൂസിഫർ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. ചിത്രം റിലീസായ അന്നുമുതൽ ആരാധകർ സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ്. ലൂസിഫർ റിലീസായ ഉടൻ തന്നെ രണ്ടാം ഭാഗമായി എമ്പുരാൻ എത്തുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഇപ്പോളിതാ, ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരമാണ് ആരാധകരെ ആവേശത്തിലാക്കുന്നത്. സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും, അത് വായിക്കാനാണ് തിരുവനന്തപുരത്ത് വന്നതെന്നും സംവിധായകൻ പൃഥ്വിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.
പൃഥ്വിരാജിന്റെ വാക്കുകൾ:
സത്യത്തിൽ തിരുവനന്തപുരത്ത് വന്നത് ഷൂട്ടിങ്ങിന് വേണ്ടിയല്ല. മുരളിയുമായി എമ്പുരാന്റെ സ്‌ക്രിപ്റ്റ് വായിക്കാൻ വേണ്ടിയാണ്. എമ്പുരാന്റെ ഫുൾ സ്‌ക്രിപ്റ്റ് ലോക്ക് ചെയ്തു. സ്‌ക്രിപ്റ്റ് ലോക്ക് ചെയ്ത വിവരം ലാലേട്ടനെയും, ആന്റണി പെരുമ്പാവൂരിനെയും അറിയിച്ചിട്ടുണ്ട്. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.
2019ലാണ് ലൂസിഫർ റിലീസായത്. മോഹൻലാലിനോടൊപ്പം ടോവിനോ തോമസ്, വിവേക് ഒബ്രോയ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, നൈല ഉഷ, കലാഭവൻ ഷാജോൺ, സായ്കുമാർ, ബൈജു എന്നിവരും ചിത്രത്തിൽ അണിനിരന്നിരുന്നു.
Post Your Comments