നീണ്ട ഇടവേളയ്ക്ക് ശേഷം മാസ് മസാല ചിത്രവുമായി സംവിധായകൻ ഷാജി കൈലാസ് തന്റെ തിരിച്ചുവരവ് ആഘോഷമാക്കുകയാണ്. എന്നാൽ, പൃഥ്വിരാജ് നായകനായ കടുവയ്ക്കെതിരെ കടുവാക്കുന്നേൽ കുറുവച്ചന്റെ കൊച്ചുമകൻ ജോസ് നെല്ലുവേലിൽ രംഗത്ത്. കുരുവിനാക്കുന്നേൽ കുറുവച്ചന്റെ മൂത്ത മകളുടെ മകനാണ് ജോസ്.
സമൂഹമാധ്യമങ്ങളിൽ ജോസ് നെല്ലുവേലിൽ പങ്കുവച്ച കുറിപ്പ്
‘എന്റെ മുത്തച്ഛൻ പാലാ ഇടമറ്റത്തെ കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്നറിയപ്പെടുന്ന ജോസ് കുരുവിനാക്കുന്നേലിന്റെ പഴയ വീരഗാഥ ഇപ്പോൾ പൃഥ്വിരാന്റെ കടുവ ആയി (പിന്നീട് കുരിയച്ചൻ ആയി മാറി) തീയറ്ററിൽ ആടിത്തിമിർക്കുകയാണ്. അവർ അവകാശപ്പെടുന്നതു പോലെ കടുവയുടെ തിരക്കഥ ജിനു എബ്രഹാമിന്റെ ഭാവനയിൽനിന്ന് നിന്ന് ഉരുത്തിരിഞ്ഞ ഒന്നല്ല. പാലായിലെ മുൻതലമുറയിലെ മിക്കവർക്കും അറിയാവുന്ന ഒരു കഥയാണിത്. സിനിമ തന്റെ ജീവിതത്തിൽ നിന്ന് പകർത്തിയെഴുത്താണെന്ന് തെളിയിക്കാനുള്ള അദ്ദേഹത്തിന്റെ നിയമപരമായ എല്ലാ ശ്രമങ്ങളും പാഴായി, പ്രായാധിക്യം കാരണം യുദ്ധം തുടരാൻ കഴിയാത്തത്രയും ദുർബലനാണ് ഇന്ന് അദ്ദേഹം.
read also: അയ്യേ ഇതാണോ ഹീറോ എന്ന് പറഞ്ഞ് കളിയാക്കി, ഞാൻ പൊട്ടിക്കരഞ്ഞു: ധനുഷ് പറയുന്നു
ഇന്നലെ ഞാൻ സിനിമ കണ്ടു. ഒരു മനുഷ്യനും അദ്ദേഹത്തിന്റെ കുടുംബവും വർഷങ്ങളോളം അനുഭവിച്ച പൊലീസ് അടിച്ചമർത്തലുകളും പരേതനായ ജോസഫ് തോമസ് വട്ടവയലിൽ (സിനിമയിൽ ജോസഫ് ചാണ്ടി) എന്ന അന്നത്തെ പൊലീസ് ഐജിയുടെ ദുരാരോപണങ്ങളും ക്രൂരമായ ചെയ്തികളും അനുഭവിച്ച സങ്കടകരവും പ്രകോപനകരവുമായ ജീവിതകഥ നിർലജ്ജം മാറ്റിമറിച്ച് ഈ സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഈ സിനിമയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരും ചേർന്ന് കടുവ എന്ന പേരിൽ സിനിമയാക്കിയിരിക്കുന്നു എന്ന് കണ്ടപ്പോൾ ഞാൻ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. എന്റെ അമ്മ ഏഴാം ക്ലാസ്സിലും അമ്മയുടെ ഇളയ സഹോദരൻ കിന്റർഗാർഡനിലുമായിരിക്കുമ്പോഴാണ് ഈ കിരാത യുദ്ധം ആരംഭിച്ചത്.
മകളുടെ ചരമവാർഷികദിനത്തിൽ ഐജി ജോസഫ് തോമസ് വട്ടവയലിൽ പള്ളിക്ക് സമ്മാനിച്ച കീബോർഡിനെച്ചൊല്ലി തുടങ്ങിയ തർക്കം വ്യക്തിപരമായ തർക്കങ്ങളിലേക്ക് നീങ്ങുകയായിരുന്നു. പലതവണ എന്റെ മുത്തച്ഛന്റെ ബാർ അടിച്ചുതകർത്ത ഇയാൾ തോട്ടങ്ങൾ നശിപ്പിക്കുകയും വീടിനു പിന്നിൽ സ്ഥലം വാങ്ങി ശ്മശാനമാക്കി മാറ്റുകയും പട്ടാപ്പകൽ അദ്ദേഹത്തെ ആക്രമിക്കാൻ ഗുണ്ടകളെ അയയ്ക്കുകയും മുൻകൂർ അറിയിപ്പ് കൂടാതെ തോക്ക് ലൈസൻസ് റദ്ദാക്കി എന്റെ മുത്തച്ഛനെ ജയിലിലടക്കുകയും ചെയ്തു. സിനിമയുടെ അമ്പതു ശതമാനത്തിലധികം ജോസ് കുരുവിനാകുന്നേലിന്റെ ജീവിതത്തിൽ നിന്നെടുക്കുകയും അതിനൊപ്പം ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ചില മസാല കഥകളും നാടകങ്ങളും കൂട്ടിചേർത്ത് സിനിമയാക്കി മാറ്റുകയും ചെയ്തിട്ട് ഇപ്പോൾ ഇതിന് അദ്ദേഹത്തിന്റെ ജീവിതവുമായി ഒരു ബന്ധവുമില്ലെന്നാണ് ഇവർ അവകാശപ്പെടുന്നത്.
എന്താണ് സംഭവിച്ചതെന്ന് അറിയാൻ താൽപ്പര്യമുള്ളവർക്കായി മാത്രം 12 എപ്പിസോഡ് ദൈർഘ്യമുള്ള ഒരു യൂട്യൂബ് വിഡിയോ ഞങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്റെ മുത്തച്ഛന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തും സജീവ പിന്തുണയും ആയിരുന്ന റിട്ടയേർഡ് എസ്പി ഓഫീസർ ജോർജ് ജോസഫ് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്. എങ്ങനെയുള്ള ആളായിരുന്നു ജോസഫ് തോമസ് വട്ടവയലിൽ, സിനിമയ്ക്ക് കുറുവച്ചന്റെ ജീവിതവുമായുള്ള സമാനതകൾ, എന്റെ മുത്തച്ഛനെ പിന്തുണച്ചതിന് സർവീസിൽ അദ്ദേഹത്തിന് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ എല്ലാം അദ്ദേഹം തന്നെ ഈ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്. എന്റെ മുത്തച്ഛൻ ആഗ്രഹിച്ചത് സിനിമയുടെ തിരക്കഥ തന്റെ ജീവിതത്തിൽ നിന്ന് പകർത്തിയതാണെന്നുള്ള ഒരു വാക്കുമാത്രമാണ്. അതിനു പകരം ഷാജി കൈലാസും സിനിമയിലെ എല്ലാ വലിയ താരങ്ങളും അങ്ങനെയൊരാൾ ഈ ഭൂമുഖത്തു തന്നെ ഇല്ലെന്നുള്ള തരത്തിലുള്ള പ്രസ്താവനകളും മാധ്യമങ്ങളിലെ അഭിമുഖങ്ങളുമാണ് നടത്തിയത്.
Post Your Comments