ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. കേരള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്നും ജാമ്യ വ്യവസ്ഥകളിൽ മാറ്റം വരുത്തുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിനാൽ, വിജയ് ബാബുവിന് കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകാൻ കഴിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നതിന് വിലക്കുണ്ടെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു.
അതേസമയം, ജൂൺ 27 മുതൽ ജൂലൈ 3 വരെ മാത്രമേ ചോദ്യം ചെയ്യൽ പാടുള്ളുവെന്ന ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥയിൽ സുപ്രീം കോടതി മാറ്റം വരുത്തി. ആവശ്യമായി വന്നാൽ പൊലീസിന് തുടർന്നും വിജയ് ബാബുവിനെ ചോദ്യം ചെയ്യാമെന്നും അതിജീവിതയെ അധിക്ഷേപിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു. കൂടാതെ, തെളിവു നശിപ്പിക്കുന്നതിനോ സാക്ഷികളെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങൾ പാടില്ലെന്നും ഇന്ദിര ബാനർജി, ജെ.കെ. മഹേശ്വരി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
വിഷയം അടിയന്തരമായി പരിഗണിക്കുന്നതിനായി ഇന്നലെ സംസ്ഥാന സർക്കാരിനു വേണ്ടി ജയദീപ് ഗുപ്ത അവധിക്കാല ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ഇന്ന് കേസ് പരിഗണിച്ചത്. സംസ്ഥാന സർക്കാരിനു പുറമേ, അതിജീവിതയും മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു.
Read Also:- ഇത് ചരിത്ര വിജയം: മിറ്റയ്ക്ക് സ്വതന്ത്ര മേക്കപ്പ് വുമണിന്റെ കാർഡ്
നേരത്തെ, വിജയ് ബാബുവിന്റെ ജാമ്യത്തിനെതിരെ അപ്പീൽ പോകുമെന്നും വിദേശത്ത് ഒളിവിൽ പോയി ജാമ്യം നേടുന്നത് പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞിരുന്നു. ‘വിജയ് ബാബു പൊലീസിനെ കബളിപ്പിച്ചു. കേസിൽ ഇരക്കൊപ്പമാണ് പൊലീസ് നിന്നത്. കേസിൽ അപ്പീൽ പോകുന്നത് പരിശോധിക്കുന്നു. വിജയ് ബാബു ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കണ്ടെത്തലിൽ ഉറച്ച് നിൽക്കുന്നു. അന്വേഷണം ശക്തമായി തന്നെ മുന്നോട്ട് പോകും’ സി എച്ച് നാഗരാജു പറഞ്ഞിരുന്നു.
Post Your Comments