വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രവും അതിലെ ഡയലോഗുകളും മലയാളികൾക്കിടയിൽ ഉണ്ടാക്കിയ ഓളം അത്ര ചെറുതൊന്നുമല്ല. പയ്യന്നൂർ കോളേജിന്റെ വരാന്തയിലെ കാറ്റും, മുത്തുച്ചിപ്പി പോലുള്ള പാട്ടുമെല്ലാം സിനിമ മലയാളികൾക്ക് സമ്മാനിച്ച ഓർമ്മകളാണ്. ആയിഷയുടെയും വിനോദിന്റെയും പ്രണയത്തിന് ഇന്ന് പത്ത് വയസ് തികയുകയാണ്. ഈ വേളയിൽ പത്താം വര്‍ഷത്തിന്റെ സന്തോഷം ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസന്‍ തന്നെ പങ്കുവെച്ചിരിക്കുകയാണ്.
‘തട്ടത്തിൻ മറയത്ത് റിലീസായിട്ട് ഇന്നേക്ക് പത്തു വർഷം. സമയം എത്ര പെട്ടന്നാണ് കടന്നുപോകുന്നത്. ഒപ്പം നിന്നവർക്കും, പിന്തുണച്ചവർക്കും, അഭിനന്ദിച്ചവർക്കും, ക്രിയാത്മകമായി വിമർശിച്ചവർക്കും, എല്ലാവർക്കും നന്ദി’, ഇങ്ങനെയാണ് വിനീത് സമൂഹ മാധ്യമത്തിൽ കുറിച്ചത്.
Also Read: പ്രണയത്തിന്റെ രാഷ്ട്രീയവുമായി ‘നച്ചത്തിരം നഗർഗിരത്ത്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ആരാധകരും സിനിമാ പ്രവർത്തകരും കമന്റുമായി എത്തുന്നുണ്ട്. സംവിധായകൻ ഡിജോ ജോസ് ആന്റണിയും വിനീതിന്റെ പോസ്റ്റിന് താഴെ കമന്റുമായി വന്നിട്ടുണ്ട്. ‘എന്താ പടം… എന്റെ സാറേ’ എന്നാണ് ഡിജോയുടെ കമന്റ്. 2012 ജൂലൈ ആറിനാണ് തട്ടത്തിൻ മറയത്ത് റിലീസ് ചെയ്തത്. നിവിൻ പോളിയുടെ നായികയായി ഇഷ തൽവാർ ആയിരുന്നു ചിത്രത്തിൽ എത്തിയത്. അജു വർഗീസ്, മനോജ് കെ ജയൻ, ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിരുന്നു.
Post Your Comments