‘കാളി’ എന്ന ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്ത ലീന മണിമേഖലയ്ക്കെതിരെ ഭീഷണി വീഡിയോ പുറത്തുവിട്ട യുവതിയെ കോയമ്പത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിലെ സെൽവപുരത്തിനടുത്ത് ചൊക്കംപുത്തൂർ സ്വദേശിനിയായ സരസ്വതിയാണ് പോലീസ് പിടിയിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (ബി), 506 (ഐ) വകുപ്പുകൾ പ്രകാരമാണ് അവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സെങ്കടൽ, മാടത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ലീനയുടെ പുതിയ ചിത്രമാണ് കാളി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഹിന്ദു ദേവതയായ കാളിയുടെ വേഷം ധരിച്ച് പുകവലിക്കുന്ന ഒരു സ്ത്രീ, LGBTQ കമ്മ്യൂണിറ്റിയുടെ അഭിമാന പതാക കയ്യിൽ പിടിച്ചിരിക്കുന്ന രീതിയിലാണ് പോസ്റ്റർ. ഹിന്ദുത്വത്തെ അപമാനിച്ചു എന്ന് കാണിച്ച് ലീന മണിമേഖലയ്ക്കെതിരെ വിമർശനം ഉയർന്നിരുന്നു.
ഷഷ്ടി സേന ഹിന്ദു മക്കൾ ഇയക്കം സ്ഥാപക പ്രസിഡന്റ് സരസ്വതി ലീന മണിമേഖലയെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുന്ന തരത്തിൽ ഒരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ ആയതിന് പിന്നാലെ സരസ്വതിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. തിരുപ്പൂർ നഗരത്തിലെ വനിതാ ഹോസ്റ്റലിൽ നിന്നാണ് സരസ്വതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments