ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗത്തിൽ ഒറ്റയ്ക്കായ മീനയ്ക്ക് പ്രയാസഘട്ടത്തിൽ തണലായി നിലനിന്ന കലാ മാസ്റ്ററെ പ്രശംസിച്ച് നിർമ്മാതാവ് ജോളി ജോസഫ്. കലാ മാസ്റ്ററെ പരിചയപ്പെടാൻ കഴിഞ്ഞത് ജീവിതത്തിലെ പുണ്യമാണെന്നും അദ്ദേഹം പറയുന്നു. എല്ലാ താരങ്ങളെയും വലിപ്പ ചെറുപ്പമില്ലാതെ സ്വീകരിച്ചതും ആനയിച്ചതും മീനയുടെ വീടിന്റെ നെടും തൂണായി മാറിയ കലാ മാസ്റ്റർ തന്നെയായിരുന്നെന്നും ഒരേ സമയം പലരുടെയും കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന, പലതും ചെയ്തുകൊണ്ടിരുന്ന കലാ മാസ്റ്റർ തനിക്ക് വലിയ അത്ഭുതമായെന്നും അദ്ദേഹം ഫേസ്ബുക്കിൽ എഴുതി. ഹൃദയസ്പർശിയായ കുറിപ്പാണ് ജോളി ജോസഫ് ഫേസ്ബുക്കിൽ പങ്കുവച്ചത്.
Also Read: അമ്മയിലെ വിവാദങ്ങൾ: ഉത്തരവാദിത്തം ഏറ്റെടുത്ത് അവധിയിൽ പ്രവേശിക്കാനൊരുങ്ങി ഇടവേള ബാബു
ജോളി ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ചെന്നൈയിലുള്ള സംവിധായകനെയും എഴുത്തുകാരനെയും കാണാൻ ചെങ്ങായിയും നടനുമായ കൈലാഷ് പോകുന്നുണ്ടെന്നറിഞ്ഞാണ് , ചെന്നൈയിലെ റെയിൽവേ ജനറൽ മാനേജരുടെ ഓഫീസിൽ ഒരല്പം കാര്യമുണ്ടായിരുന്ന ഞാനും അവനോടൊപ്പം ചെന്നൈയിലേക്ക് 28 ആം തിയതി ഉച്ചകഴിഞ്ഞു കാറിൽ പുറപ്പെട്ടത് . രാത്രിയായാൽ എട്ട് മാക്സിമം ഒൻപത് മണി കഴിഞ്ഞാൽ യാത്ര മതിയാക്കി ഏറ്റവും അടുത്തുള്ള ഹോട്ടലിൽ തങ്ങി നന്നായി ഉറങ്ങി വെളുപ്പിനെ പോകുകയുള്ളൂ, അതെന്റെ അലിംഖിത നിയമമാണ് . അങ്ങിനെ സേലം ഹൈവേയിലെ ഒരു ചെറിയ ലോഡ്ജിൽ ഞങ്ങൾ തങ്ങിയിട്ട് രാവിലെ ഓരോരോ കാപ്പിയുടെ / ദോശയുടെ ബലത്തിൽ ഞാൻ ഡ്രൈവറായി യാത്ര തുടങ്ങി .
ഏകദേശം ഒൻപത് മണിക്ക് ‘അമ്മ ‘ യുടെ ജനറൽ സെക്രട്ടറി ശ്രീ ഇടവേള ബാബുവിന്റെ നിർദേശങ്ങൾ കൈലാഷ് ഉൾപ്പടെയുള്ള ‘അമ്മ’ യുടെ വർക്കിംഗ് കമ്മറ്റി ഗ്രൂപ്പിൽ ചർച്ചകൾ തുടങ്ങിയത് മനസിലായി …! ദക്ഷിണേന്ത്യൻ അഭിനേത്രി മീനയുടെ ഭർത്താവ് ശ്രീ വിദ്യാസാഗർ അന്തരിച്ചെന്നും അവരുടെ ചെന്നൈയിലെ വീട്ടിൽ പോയി ‘അമ്മ’ ക്കു വേണ്ടി ആദരാഞ്ജലികൾ അർപ്പിക്കണമെന്നും ചെന്നൈയിലുള്ള പലരെയും ബന്ധപെട്ടിട്ട് എല്ലാവരും തിരക്കാണെന്നും ആർക്കെങ്കിലും ഉച്ചക്ക് രണ്ടു മണിക്കുള്ളിൽ അവരുടെ വീട്ടിൽ എത്താനാകുമോ എന്നായിരുന്നു ചർച്ചയുടെ ഉള്ളടക്കം… ! ഒട്ടും തന്നെ ‘തിരക്കില്ലാതെ’ ചെന്നൈയിലേക്ക് യാത്രചെയ്തുകൊണ്ടിരുന്ന കൈലാഷ് ഗൂഗിൾ നോക്കിയപ്പോൾ ഉച്ചക്ക് ഒരു മണിക്കുള്ളിൽ അവരുടെ വീട്ടിലെത്തുമെന്നറിഞ്ഞു ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു.. !
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വലിയ ഹൃദയമുള്ള ഇടവേള ബാബുവിന്റെ നേതൃപാടവം ഞാനപ്പോൾ നേരിട്ടനുഭവിച്ചതാണ് … ! ബാബുവിന്റെ നിർദ്ദേശാനുസരണം പ്രശസ്ത സിനിമ നൃത്ത സംവിധായക കലാ മാസ്റ്ററുമായി കൈലാഷ് ബന്ധപെട്ടപ്പോഴാണ് നടൻ ബാബുരാജ് അവരുമായി സംസാരിച്ചെന്നും ‘ ‘അമ്മ’ യെ പ്രതിനിധീകരിച്ച് കൈലാഷ് ഉച്ചക്കുള്ളിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും അറിഞ്ഞത് …! സംവിധായകനും എഴുത്തുകാരനുമായി തീരുമാനിക്കപ്പെട്ട ഉച്ച ഊണ് ഒത്തുചേരൽ ഉപേക്ഷിച്ച് , നേരാവണ്ണം കാറോടിച്ചിരുന്ന എന്നെ നിഷ്കരുണം ഡ്രൈവർ പണിയിൽ നിന്നും മാറ്റി അവൻ വിട്ടു വണ്ടി നേരെ ചെന്നൈയിലെ സൈദാപെട്ടിലേക്ക്.. !
അതിനിടയിൽ ഇടവേള ബാബു റീത്തിൽ എഴുതാനുള്ളത് വാട്സാപ്പിൽ തന്നു .. എന്റെ കന്നഡ സിനിമയുടെ സംവിധായകനും ചെന്നൈവാസിയുമായ കാമരാജിനെ തപ്പിയപ്പോൾ അദ്ദേഹം ബാംഗളൂരിൽ .. മലയാള സിനിമകളുടെ ചെന്നൈ PRO മായിരുന്ന അഗസ്റ്റിനെയും കാർത്തിക്കിനെയും ബന്ധപ്പെടാൻ നോക്കി നിര്ഭാഗ്യവശാൽ ആരെയും ഫോണിൽ കിട്ടിയില്ല. ഉടനെ മനോരമ ടി വി യിലെ റോമി മാത്യു വഴി അവരുടെ ചെന്നൈ ലേഖകൻ സമീറിനെ കിട്ടി, ചെന്നൈയിലെ ഏതോ ഒരറ്റത്തുണ്ടായിരുന്ന സമീർ ‘അമ്മ’ യുടെ റീത്ത് ഏർപ്പാടാക്കി ടാക്സി വിളിച്ച് വീട്ടിലെത്തി കൃത്യസമയത്തിനുള്ളിൽ !
ഒട്ടനവധി പോലീസ് അധികാരികളും നൂറുകണക്കിന് മാധ്യമ പ്രവർത്തകരും ആയിരക്കണക്കിന് ആരാധകരും നിറഞ്ഞിരുന്ന വീടിനരികിൽ ഞങ്ങളുടെ കാറിടാനുള്ളൊരിടം കലാ മാസ്റ്റർ ഏർപ്പാടാക്കിയിരുന്നു .. അതിനിടയിൽ ‘അമ്മ’ യിലെ പലരും കൈലാഷുമായി ഫോണിൽ ബന്ധപെടുന്നതും കണ്ടു . കലാ മാസ്റ്ററുടെ മാനേജർ റിയാസ് കൈലാഷിനെയും എന്നെയും സമീറിനെയും തണ്ടും തടിയുമുള്ള ഒരുപാട് സെക്യൂരിറ്റി ആളുകൾക്കിടയിലൂടെ വീടിനുള്ളിലേക്ക് കൂട്ടികൊണ്ടുപോയപ്പോഴാണ് രജനികാന്ത് സാർ മടങ്ങുന്നത് കണ്ടത് .. വീടിന്റെ ഗേറ്റിൽ നിന്നിരുന്ന കലാ മാസ്റ്ററെ കണ്ടയുടനെ പരിസരം മറന്നു അവരുടെ കാൽതൊട്ടു വന്ദിച്ച് ഗുരുത്വം കാണിച്ചു കൈലാഷ് … അവർ ഞങ്ങളെ സ്വീകരിച്ച് മീന മാഡത്തിനെ പരിചയപ്പെടുത്തി ..എന്റെ കയ്യിലുണ്ടായിരുന്ന റീത്ത് കൈലാഷ് വാങ്ങി ബഹുമാനപുരസ്സരം ‘അമ്മ’ ക്കു വേണ്ടി സമർപ്പിച്ചു ..അതിനിടയിൽ സമീർ ഒരു പടമെടുത്തു… ഉടനെ സെക്യൂരിറ്റിക്കാർ പറഞ്ഞു നോ മോർ ഫോട്ടോസ് പ്ളീസ്…! മിക്കവാറും സമീർ എടുത്ത ആ പടമായിരിക്കും പുറത്ത് നിന്നുള്ള ഒരാൾ വീടിനുള്ളിൽ എടുക്കപെട്ട , മനോരമയും മാതൃഭൂമിയും മറ്റു മലയാള മാധ്യമങ്ങളും പ്രസിദ്ധികരിച്ച ഏക ഫോട്ടോ…!
രജനികാന്ത് സാർ ഉൾപ്പടെ അവിടെ വന്നുകൊണ്ടിരുന്ന എല്ലാ താരങ്ങളെയും സാഹിത്യ സാമൂഹ്യ രാഷ്ട്രീയക്കാരെയും വലിപ്പ ചെറുപ്പമില്ലാതെ സ്വീകരിച്ചതും ആനയിച്ചതും ആ വീടിന്റെ നെടും തൂണായി മാറിയ കലാ മാസ്റ്റർ തന്നെയാണ് …നല്ല തിരക്കിനിടയിലും, ദൂരെ നിന്ന് വണ്ടിയോടിച്ചു വന്ന ഞങ്ങളോട് അവിടെ കുറച്ചു സമയം അവിടെ സമാധാനമായി ഇരിക്കണമെന്നും എന്തെങ്കിലും കുടിക്കുകയോ കഴിക്കുകയോ ചെയ്യണമെന്നും അവർ പറഞ്ഞിരുന്നു .. അതിനിടയിലും കലാ മാസ്റ്റർ തന്നെ ആയിരുന്നു അടുത്ത കർമങ്ങൾക്കുള്ള നിർദ്ദേശങ്ങളും നൽകിയിരുന്നത് …ഒരേ സമയം പലരുടെയും കാര്യങ്ങൾ അന്വേഷിച്ചുകൊണ്ടിരുന്ന പലതും ചെയ്തുകൊണ്ടിരുന്ന കലാ മാസ്റ്റർ എനിക്ക് വലിയ അത്ഭുതമായി …! ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ വീണ്ടും മീന മാഡത്തിന്റെ അടുക്കൽ കൊണ്ടുപോയീ യാത്ര പറയിപ്പിച്ച് , കൂടെ വീടിന്റെ ഗേറ്റ് വരെ വന്നു യാത്രയാക്കിയപ്പോൾ ഞങ്ങൾ കൈ കൂപ്പിയത് കലാ മാസ്റ്ററോടുള്ള, അവരിലെ സ്ത്രീത്വത്തോടുള്ള , നേതൃ പാടവത്തോടുള്ള ബഹുമാനത്തോടെയാണ് എന്ന് പറയാൻ അഭിമാനമാണ് …!
കലാ മാസ്റ്റർ , നിങ്ങൾ ദക്ഷിണേന്ത്യൻ സിനിമാലോകത്തെ പ്രശസ്ത സിനിമ നൃത്ത സംവിധായകയായ ബഹുമുഖ പ്രതിഭ മാത്രമല്ല, വളരെ നല്ല സ്നേഹമുള്ള ദേവാംശമുള്ള മനുഷ്യ സ്ത്രീയാണ് , ഇതിഹാസമാണ് … പരിചയപ്പെടാൻ കഴിഞ്ഞതും ഒരുപാട് കാര്യങ്ങൾക്കു സാക്ഷിയാകാൻ കഴിഞ്ഞതും എന്റെ ഭാഗ്യം പുണ്യം നിയോഗം . ആദരവോടെ സ്നേഹാശംസകളോടെ ജോളി ജോസഫ് .
Leave a Comment